
ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. രണ്ട് ഇലക്ട്രിക് ബസാണ് കോര്‍പ്പറേഷന്‍ വാങ്ങുന്നത്. മേല്‍ക്കൂര ഇളക്കിമാറ്റാന്‍ കഴിയുന്ന രീതിയിലുള്ള ഇലക്ട്രിക് ബസുകളാണെത്തുക. സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെയാണ് ബസുകള്‍ വാങ്ങുന്നത്. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ എത്തിക്കുന്നത്.അശോക് ലെയ്ലാന്‍ഡിന്റെ സ്വിച്ച് എന്ന കമ്പനിയില്‍നിന്നാണ് ബസ് വാങ്ങുന്നത്. കെ.എസ്.ആര്‍.ടി.സി.യുടെ ടെക്നിക്കല്‍ കമ്പനിയുടെ വിലയിരുത്തലിനു ശേഷമേ അന്തിമ തീരുമാനമാകൂ. ബസിന്റെ നിറം, ലോഗോ തുടങ്ങിയവയും കെ.എസ്.ആര്‍.ടി.സി. അറിയിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ 90 ദിവസത്തിനുള്ളില്‍ ബസ് എത്തിക്കണം. അഞ്ചുവര്‍ഷത്തെ പരിപാലനച്ചുമതല കമ്പനിക്കാണ്. ഡബിള്‍ ഡെക്കറിലെ നഗരക്കാഴ്ചയ്ക്ക് തിരക്കേറിയപ്പോഴാണ് കൂടുതല്‍ ബസ് നിരത്തിലിറക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായത്.സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരമുള്ള റോഡുനിര്‍മാണം ഉപേക്ഷിച്ചതോടെ മറ്റ് ഇനങ്ങള്‍ക്കായി ഫണ്ട് ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് നഗരയാത്രയ്ക്ക് ഇലക്ട്രിക് ബസ് വാങ്ങുന്നത്. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസാണിത്. 65 ഇരിപ്പിടമുണ്ട്. മനോഹരമായ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളുമാണ് പ്രത്യേകത. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് ചാര്‍ജിങിന് വേണ്ടി വരുന്ന സമയം. 120 കിലോമീറ്റര്‍ ഓടിക്കാം. 15.5 അടി ഉയരവും 32 അടി നീളവുമുണ്ട്. ജി.പി.എസ്. സംവിധാനത്തോടെ അനൗണ്‍സ്മെന്റ്, വിവിധ ഭാഷകളില്‍ ഡിസ്പ്ലേ ബോര്‍ഡ് എന്നിവയുമുണ്ടാകും.