
എംജി കോമറ്റ് ഇവിയില്‍ കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ജിയോ പ്ലാറ്റ്‌ഫോമും എംജി മോട്ടോര്‍ ഇന്ത്യയും സഹകരിക്കുന്നു. എംജി ഇന്ത്യയും ജിയോയും തമ്മിലുള്ള ഈ പങ്കാളിത്തം എംജി കോമറ്റ് ഇവിയുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ഇന്ത്യന്‍ ഭാഷകളില്‍ വോയിസ് അസിസ്റ്റന്റ് സംവിധാനം കൊണ്ടുവരാന്‍ ഇതുവഴി സാധിക്കും. ഹലോ ജിയോ വോയ്‌സ് അസിസ്റ്റന്റ് എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഈ സാങ്കേതികവിദ്യയ്ക്ക് ഒട്ടേറെ സവിശേഷതകളുണ്ട്. ഈ വോയ്‌സ് അസിസ്റ്റന്റ് സാങ്കേതികവിദ്യ ഇന്ത്യന്‍ ഭാഷകള്‍ മനസിലാക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശിക ഭാഷകളിലുള്ള വോയ്‌സ് കമാന്‍ഡുകളും കണ്‍ട്രോളുകളും സിസ്റ്റം മനസിലാക്കുന്ന തരത്തിലാണ് ഡിസൈന്‍. ഇതുകൂടാതെ ക്രിക്കറ്റ്, കാലാവസ്ഥ, ജ്യോതിഷം, വാര്‍ത്തകള്‍ എന്ന് തുടങ്ങി നിരവധി വിവരങ്ങള്‍ വോയ്‌സ് കമാന്‍ഡിലൂടെ ലഭിക്കും. കാറിന്റെ എസി ഓണാക്കാനും ഓഫാക്കാനും മ്യൂസിക് പ്ലേ ചെയ്യാനും കമാന്‍ഡുകള്‍ നല്‍കാം. ക്രിക്കറ്റ് ആരാധകന്‍ ആണെങ്കില്‍ യാത്രക്കിടെ ക്രിക്കറ്റ് സ്‌കോറും അറിയാൻ സാധിക്കും.