
ഐപിഒ വഴി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സമയപരിധി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ആറില്‍നിന്ന് മൂന്ന് ദിവസമായി കുറച്ചു. ഇതോടെ പബ്ലിക് ഇഷ്യു ചെയ്യുന്ന കമ്പനികള്‍ക്ക് പണം വേഗത്തില്‍ ലഭിക്കും. ഒപ്പം നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരികള്‍ വേഗത്തിലെത്തുകയും ചെയ്യും. അതുപോലെതന്നെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഈ സമയപരിധിക്കുള്ളില്‍ പണം തിരികെ അക്കൗണ്ടിലെത്തുകയും ചെയ്യും. പരിഷ്‌കാരം രണ്ട് ഘട്ടമായിട്ടായിരിക്കും നടപ്പാക്കുക. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്വമേധയാ കമ്പനികള്‍ക്ക് നടപ്പാക്കാം. ഡിസംബര്‍ ഒന്നു മുതല്‍ ഇത് നിര്‍ബന്ധമാകും. കൂടാതെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ വെളിപ്പെടുത്തല്‍ വ്യവസ്ഥകളും സെബി കര്‍ശനമാക്കിയിട്ടുണ്ട്. എഫ്പിഐകളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക താത്പര്യം, നിയന്ത്രണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഒരു കമ്പനിയില്‍ പകുതിയിലധികം ഓഹരികളോ 25,000 കോടി രൂപയില്‍ കൂടുതല്‍ ഇക്വിറ്റി ആസ്തിയോ ഉള്ള എഫ്പിഐകള്‍ക്കാണിത് ബാധകം. അതേസമയം, സോവറിന്‍ ഫണ്ടുകള്‍, പബ്ലിക് റീട്ടെയില്‍ ഫണ്ടുകള്‍, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍(ഇടിഎഫ്)എന്നിവയെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സ്വാധീനം ചെലുത്തുന്നവ(ഫിന്‍ഫ്‌ളുവന്‍സര്‍)രില്‍നിന്ന് ചെറുകിട നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സെബി ഉടനെ പുറത്തിറക്കും.