
ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോ കറന്‍സികളാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അടിസ്ഥാനപരമായ മൂല്യമില്ലെന്നും സാമ്പത്തിക സ്ഥിരതയ്ക്ക് അത് അപകടമുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ തുടക്കം മുതലേ നിലപാട് എടുത്ത ആര്‍ബിഐ ഇപ്പോഴും അതില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. ഒരു ദേശീയ മാധ്യമം നടത്തിയ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കണമെന്ന കാഴ്ചപ്പാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 153 ക്രിപ്‌റ്റോ കറന്‍സികളില്‍ മാത്രമാണ് പല എക്‌സ്‌ചേഞ്ചുകളിലും ട്രേഡിങ് നടക്കുന്നത്. ബിറ്റ്‌സ്റ്റാക്കര്‍ സമാഹരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 5,886 ക്രിപ്‌റ്റോ കറന്‍സികളില്‍ മാത്രമാണ് നേരിയതോതിലെങ്കിലും വ്യാപാരം നടക്കുന്നത്. നവംബറിലെ കണക്കുപ്രകാരം ലോകത്താകെ 21,000ലധികം ക്രിപ്‌റ്റോകളാണുള്ളത്.