
റിലയന്‍സ് ജിയോയുടെ 5ജി ടെലികോം സേവനമായ ‘ജിയോ ട്രൂ 5ജി’ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രപരിസരത്തും ആരംഭിച്ചു.സെക്കന്‍ഡില്‍ ഒരു ജി.ബി.വരെ വേഗംനല്‍കുന്ന ഡേറ്റയാണ് ജിയോ 5ജി ഒരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി പങ്കെടുത്ത് ഉദ്ഘാടനംചെയ്തു. ഒരുമാസത്തിനുള്ളില്‍ മറ്റു പ്രധാന നഗരങ്ങളിലും സേവനം ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. കേരളത്തില്‍ 5ജി ശൃംഖല സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ മുതല്‍മുടക്കിയിരിക്കുന്നത് 6,000 കോടി രൂപ. കൊച്ചിയില്‍ ‘ജിയോ ട്രൂ 5ജി’ സേവനം അവതരിപ്പിച്ച ചടങ്ങിൽ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റും കേരള മേധാവിയുമായ കെ.സി. നരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് 5ജി ലഭ്യമാകാന്‍ തുടങ്ങിയതെങ്കിലും ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കും. 2023 ജനുവരിയില്‍ കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം തുടങ്ങിയ ഏഴ് നഗരങ്ങളിലേക്കു കൂടി സേവനം എത്തിക്കാനാണ് പദ്ധതി. എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ കൊച്ചി നഗരപരിധിയില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെ ജിയോ കൂടിയെത്തിയതോടെ വരുന്നത് 5ജി വിപ്ലവമാണ്.