
ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ‘ഭാരത് ഗൗരവ്’ പദ്ധതിയില്‍പ്പെട്ട പുതിയ ട്രെയിന്‍ മാര്‍ച്ച് 21 ന് യാത്ര പുറപ്പെടും. അരുണാചല്‍ പ്രദേശ്, അസം, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ 15 ദിവസം നീണ്ടുനില്‍ക്കുന്നതാവും യാത്ര. ന്യൂഡല്‍ഹിയിലെ സഫര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രയാണം ആരംഭിക്കുന്ന ഡിലക്‌സ് ടൂറിസ്റ്റ് ട്രെയിന്‍ ഇത്തവണ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയായിരിക്കും സഞ്ചരിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സൗന്ദര്യം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സര്‍വീസ് സംഘടിപ്പിക്കുന്നത്. ശിവസാഗര്‍, ഗുവാഹട്ടി, കാസിരംഗ, ഉനക്കോടി, കൊഹിമ, ദിമപുര്‍, ഷില്ലോങ്, ചിറാപുഞ്ചി എന്നീ സ്ഥലങ്ങളിലെ അതിമനോഹരമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കാണാനാകും. യാത്രികർക്ക് ഡല്‍ഹി, അലിഗഢ്, ഗാസിയാബാദ്, ലക്‌നൗ, കാണ്‍പുര്‍, വാരണാസി എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനില്‍ കേറാം. മുഴുവനായും ശീതീകരിച്ച അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളതാണ് ട്രെയിന്‍. ആഡംബര സൗകര്യങ്ങളുള്ള റെസ്റ്റോറന്റുകളും താമസ സൗകര്യവും സെന്‍സര്‍ ബേസ്ഡ് വാഷ്‌റൂമുകളുമെല്ലാം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രെയിനിലെ യാത്ര, താമസസൗകര്യം, ഭക്ഷണം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയാണ് ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഈടാക്കുക. എസി ടു ടയറിലെ ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1,06,990 രൂപയാണ്. എസി 1 ക്യാബിനില്‍ 1,31,990 രൂപയും എസി കൂപ്പേയ്ക്ക് 1,49,290 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഒരേ സമയം 156 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന ഭാരത് ഗൗരവ് ഡ്യുലക്‌സ് ടൂറിസ്റ്റ് എസി ട്രെയിനാണ് സര്‍വീസ് നടത്തുന്നത്.