
ആഗോള നിരത്തുകള്‍ക്കായി ടൊയോട്ടയില്‍ നിന്ന് ഒരുങ്ങുന്ന വാഹനമാണ് ഇന്നോവ ഹൈക്രോസ് എന്ന എം.പി.വി. ഈ വാഹനത്തിന്റെ ആഗോള അവതരണം നവംബര്‍ മാസത്തില്‍ നടക്കുമെന്ന് സൂചന നല്കുന്ന ടീസര്‍ ചിത്രം ടൊയോട്ട ഇന്‍ഡൊനീഷ്യ പുറത്തിറക്കി. ഇതോടെ ആദ്യഘട്ടത്തില്‍ ഈ വാഹനം ഇന്‍ഡൊനീഷ്യന്‍ നിരത്തുകളില്‍ എത്തുമെന്നും പിന്നാലെ മാത്രമേ മറ്റ് വിപണികളില്‍ എത്തുവെന്നും ഉറപ്പായി. വാഹനത്തിന്റെ മുഖഭാവം വെളിപ്പെടുത്തിയിട്ടുള്ള ടീസര്‍ ചിത്രമാണ് ടൊയോട്ട പുറത്തുവിട്ടിരിക്കുന്നത്.വിദേശ രാജ്യങ്ങളിലും മറ്റും എത്തിയിട്ടുള്ള കൊറോള ക്രോസിന് സമാനമായ മുന്‍വശമാണ് ഇന്നോവ ഹൈക്രോസിലുള്ളത്. വലിപ്പമേറിയ ഹെക്സഗണല്‍ ഗ്രില്ലാണ് ഹൈക്രോസിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. എല്‍ ഷേപ്പിലുള്ള രണ്ട് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിട്ടുള്ള പുതിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പ് യൂണിറ്റും ടീസറില്‍ കാണാം.
എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള ടെയ്ല്‍ലാമ്പ്, 10 സ്പോക്ക് അലോയി വീല്‍, റിയര്‍ സ്പോയിലര്‍, റൂഫ് റെയില്‍സ് തുടങ്ങിവയും ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4.7 മീറ്റര്‍ നീളമായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 2850 എം.എം. എന്ന ഉയര്‍ന്ന വീല്‍ബേസും ഇതില്‍ നല്‍കിയേക്കും. കൂടാതെ ഇന്നോവയിലെ ഏതാനും ഫീച്ചറുകള്‍ കൂടി ഇതില്‍ നല്‍കിയേക്കും.ക്രിസ്റ്റയില്‍ നല്കാന് സാധിക്കാതിരുന്ന പല ഫീച്ചറുകളും നല്‍കിയായിരിക്കും ഹൈക്രോസിന്റെ അകത്തളം ഒരുങ്ങുകയെന്നാണ് വിവരം. ഡീസല്‍ എന്‍ജിനില്‍ ഈ വാഹനം എത്തിയേക്കില്ലെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ ഈ വാഹനം സംബന്ധിക്കുന്ന മെക്കാനിക്കല്‍ ഫീച്ചറുകളും ഇപ്പോള്‍ പരസ്യപ്പെടുത്തിയിട്ടില്ല.