
ടൊയോട്ട-മാരുതി സുസുക്കി കൂട്ടുക്കെട്ട് ഇന്ത്യന്‍ വിപണിയില്‍ കരുത്താര്‍ജിക്കുകയാണ്.മാരുതിയുടെ വാഹനങ്ങള്‍ ടൊയോട്ടയുടെ മേല്‍വിലാസം സ്വീകരിച്ച് എത്തുകയും, ഇരുകമ്പനികളും സംയുക്തമായി വാഹനം നിര്‍മിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ടൊയോട്ടയുടെ ഒരു വാഹനം മാരുതിയുടെ റീ ബാഡ്ജിങ്ങ് ആയി എത്തിയിട്ടില്ലെന്നാണ് വസ്തുത.എന്നാല്‍, ടൊയോട്ടയില്‍ നിന്ന് അടുത്തതായി വിപണിയില്‍ എത്താനൊരുങ്ങുന്ന ഹൈക്രോസ് എന്ന വാഹനം മാരുതിയുടെ മേല്‍വിലാസത്തിലും എത്തിച്ച് ഈ കുറവ് പരിഹരിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. സി സെഗ്മെന്റ് എം.പി.വിയായാണ് ഹൈക്രോസിന്റെ വരവ്. ടൊയോട്ടയില്‍ നിന്ന് മാരുതി സുസുക്കിക്ക് നല്കുന്ന ആദ്യ ക്രോസ് ഓവര്‍ മോഡലായിരിക്കും ഇതെന്നാണ് സൂചന. ഹൈക്രോസ് എന്നാണ് ഈ വാഹനത്തിന് പേര് നല്‍കുകയെന്ന് വിവരങ്ങള്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നിര്‍മാതാക്കള്‍ നടത്തിയിട്ടില്ല.ഇന്തോനേഷ്യന്‍ വിപണിയില്‍ അടുത്ത മാസം ഇന്നോവയുടെ ഹൈബ്രിഡ് മോഡല്‍ അവതരണത്തിനൊരുങ്ങുകയാണ്.ടൊയോട്ടയില്‍ നിന്ന് അടുത്തതായി ഇന്ത്യയില്‍ എത്തുന്ന വാഹനമായിരിക്കും ഇന്നോവ ഹൈക്രോസ് എന്നാണ് അഭ്യൂഹങ്ങള്‍. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്ഫോമിലായിരിക്കും ഇന്നോവ ഹൈക്രോസ് നിര്‍മിക്കുക.
ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം എത്തുന്നത്. അതേസമയം, ടൊയോട്ടയുടെ സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനം നല്‍കുന്നതോടെ ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്രയെന്നും വിലയിരുത്തലുകളുണ്ട്.പുതിയ മോണോകോക്ക് പ്ലാറ്റ്ഫോമായിരിക്കും ഈ വാഹനത്തിന് അടിസ്ഥാനം. നിലവിലെ ക്രിസ്റ്റയെക്കാള്‍ 100 എം.എം. അധികം നീളം നല്കി 2860 എം.എം. വീല്‍ബേസിലാണ് ഹൈക്രോസ് ഒരുങ്ങുന്നത്.