
കൂടുതല്‍ പ്രകൃതി സൗഹാര്‍ദമായ വാഹനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കും കടന്നിരിക്കുകയാണ് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി ടൊയോട്ടയുടെ ഹാച്ച്ബാക്ക് മോഡലായ ഗ്ലാന്‍സയുടെ സി.എന്‍.ജി. പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലാന്‍സയുടെ എസ്, ജി എന്നീ വേരിയന്റുകളിലാണ് സി.എന്‍.ജി. പതിപ്പ് എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 8.43 ലക്ഷം രൂപയും 9.46 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.ഗ്ലാന്‍സ സി.എന്‍.ജിക്കൊപ്പം, ഹൈറൈഡറിന്റെ സി.എന്‍.ജി. പതിപ്പിന്റെയും ബുക്കിങ്ങ് ആരംഭിച്ചതായാണ് വിവരം. ഗ്ലാന്‍സയുടെ പെട്രോള്‍ പതിപ്പിനെക്കാള്‍ 95,000 രൂപ വരെ അധിക വിലയിലാണ് സി.എന്‍.ജി. മോഡല്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
ഗ്ലാന്‍സ പെട്രോള്‍ മോഡലില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനാണ് സി.എന്‍.ജി. മോഡലിലും നല്‍കിയിട്ടുള്ളത്. ഇത് 76 ബി.എച്ച്.പി. പവറും 98.5 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ധനക്ഷമതയാണ് സി.എന്‍.ജി. ഗ്ലാന്‍സയുടെ ഹൈലൈറ്റ്. ഒരു കിലോഗ്രാം സി.എന്‍.ജിയില്‍ 30.61 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.സി.എന്‍.ജി. മോഡലിലേക്ക് മാറുന്നതോടെ ഡിസൈനിലും ഫീച്ചറുകളിലും മാറ്റം വരുത്തുന്നില്ലെന്നാണ് വിവരം. റെഗുലര്‍ പെട്രോള്‍ പതിപ്പിലെ എസ്, ജി വേരിയന്റുകളിൽ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ സി.എന്‍.ജി. പതിപ്പിലും സ്ഥാനം പിടിക്കും. പെട്രോള്‍ മോഡലിലുള്ള ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ സി.എന്‍.ജി. മോഡലില്‍ നിന്നും നീക്കിയിട്ടുണ്ട്. സി.എന്‍.ജിയുടെ ടാങ്ക് നല്‍കുന്നതിന് അനുസരിച്ച് വാഹനത്തിന്റെ ബൂട്ട് സ്‌പേസിലും മാറ്റമുണ്ടായേക്കുമെന്നാണ് വിലയിരുത്തലുകള്‍.