Auto
Trending

അങ്കം കുറിച്ച് ഹ്യുണ്ടായി: എക്സ്റ്ററിന്റെ ബുക്കിങ്ങ് ആരംഭിച്ചു

ഇന്ത്യയിലെ മൈക്രോ എസ്.യു.വി. ശ്രേണിയിലേക്ക് ശക്തമായ മത്സരം ലക്ഷ്യമിട്ട് എത്തുന്ന വാഹനമാണ് ഹ്യുണ്ടായിയുടെ എക്സ്റ്റര്‍ എസ്.യു.വി. ഡിസൈന്‍ സ്‌കെച്ചുകൾ ഉള്‍പ്പെടെ ഹ്യുണ്ടായി പുറത്തുവിട്ട ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഈ വാഹനത്തിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നതെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. രാജ്യാന്തര വിപണികള്‍ക്കായി കൂടി ഒരുങ്ങുന്ന എക്സ്റ്റര്‍ മിനി എസ്.യു.വി. ഇന്ത്യയില്‍ നിര്‍മിച്ചായിരിക്കും വിദേശ വിപണികളില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലായിയില്‍ നിര്‍മാണം ആരംഭിച്ച് ഒാഗസ്റ്റ് മാസത്തോടെ വിപണിയില്‍ എത്തിക്കാനുറച്ചാണ് ഹ്യുണ്ടായി ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്. ഇ.എക്‌സ്, എസ്, എസ്.എക്‌സ്, എസ്.എക്‌സ്(ഒ), എസ്.എക്‌സ് (ഒ) കണക്ട് എന്നീ അഞ്ച് വേരിയന്റുകളിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുകയെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്. മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് നിറങ്ങളില്‍ എക്സ്റ്റര്‍ എത്തുമെന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഹ്യുണ്ടായി എക്സ്റ്ററിന് മാത്രമായി റേഞ്ചര്‍ കാക്കി ഷേഡ് എന്ന പുതിയ പെയിന്റ് സ്കീമും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടായി പുറത്ത് വിട്ടു. എച്ച്പിലുള്ള ഡി.ആര്‍.എല്‍, ചതുരാകൃതിയിലുള്ള എല്‍.ഇ.ഡി. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം, ത്രീഡി ലോഗോ, ഫ്ളാറ്റ് ബോണറ്റ്, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖഭാവത്തിന് അഴകേകുന്നത്. തികച്ചും പുതുമയുള്ള ഡ്യുവല്‍ ടോണ്‍ ഫീനിഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍ വശങ്ങളിലെ ആകര്‍ഷണീയതയാണ്. വാഹനത്തിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എക്സ്റ്ററിന്റെ വിദേശ പതിപ്പായ കാസ്പറുമായി സാമ്യമുള്ള അകത്തളമായിരിക്കും ഈ വാഹനത്തിനെന്നാണ് പ്രതീക്ഷിക്കുന്നത്. മടക്കാവുന്ന മുന്‍നിരയിലെയും പിന്‍നിരയിലെയും സീറ്റുകള്‍, സീറ്റ് 39 ഡിഗ്രി വരെ ചായ്ക്കാവുന്ന പിന്‍ സീറ്റുകള്‍, എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ തുടങ്ങിയവയായിരിക്കും ഈ കുഞ്ഞന്‍ വാഹനത്തിന്റെ ഉള്ളിലുള്ളത്.1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലായിരിക്കും എക്സ്റ്ററും എത്തുക. 82 ബി.എച്ച്.പി. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉൽപ്പാദിപ്പിക്കുന്നത്.

Related Articles

Back to top button