Auto
Trending

പുത്തൻ സ്റ്റാര്‍ഗേസറിൻ്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായി

മൂന്ന് നിര സീറ്റുമായെത്തുന്ന ഒരു പുതിയ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. വരുന്ന ഓഗസ്റ്റില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തുന്ന സ്റ്റാര്‍ഗേസര്‍ എന്ന വാഹനത്തിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 11 മുതല്‍ 21 വരെ നടക്കുന്ന ഇന്തോനേഷ്യന്‍ ഇന്റര്‍നാഷണല്‍ ഓട്ടോഷോയിലായിരിക്കും ഈ വാഹനം അവതരിപ്പിക്കുക.ഹ്യുണ്ടായിയുടെ ഇന്റര്‍നാഷണല്‍ മോഡലുകള്‍ക്ക് സമാനമായ ഡിസൈനിലാണ് സ്റ്റാര്‍ഗേസര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഹ്യുണ്ടായിയുടെ സിഗ്നേച്ചറായ പാരാമെട്രിക് ജുവല്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വലിയ ഡി.ആര്‍.എല്‍, എച്ച് എന്ന അക്ഷരത്തെ സൂചിപ്പിക്കുന്ന എല്‍.ഇ.ഡി. കണക്ടഡ് ടെയ്ല്‍ലാമ്പ്, സ്റ്റൈലിഷായ അലോയി വീലുകള്‍ തുടങ്ങിയവയാണ് ഹ്യുണ്ടായി പുറത്തുവിട്ട സ്റ്റാര്‍ഗേസറിന്റെ ചിത്രത്തിലെ ഡിസൈന്‍ ഹൈലൈറ്റുകള്‍.കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ച കാരന്‍സിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും സ്റ്റാര്‍ഗേസറും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ എത്തുന്ന ഈ വാഹനത്തിന് 4.5 മീറ്റര്‍ നീളമുണ്ടാകും. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയായിരിക്കും ഈ വാഹനം ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള സുരക്ഷ സന്നാഹങ്ങളായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നും അഭ്യൂഹങ്ങളുണ്ട്.സ്റ്റാര്‍ഗേസറിന്റെ അകത്തളത്തിലെ ഫീച്ചറുകളിലും ഡിസൈനിലും ഹ്യുണ്ടായി സസ്‌പെന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റ, കോംപാക്ട് എസ്.യു.വിയായ വെന്യു എന്നീ രണ്ട് വാഹനങ്ങളില്‍ നിന്നും കടമെടുത്ത ഡിസൈനിലും ഫീച്ചറുകളിലുമായിരിക്കും സ്റ്റാര്‍ഗേസറിന്റെ ഇന്റീരിയര്‍ ഒരുങ്ങുകയെന്നാണ് വിലയിരുത്തലുകള്‍. ഇന്‍ഫോടെയ്ന്‍മെന്റ്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമായിരിക്കും ഇന്റീരിയര്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.ആക്ടീവ്, ട്രെന്‍ഡ്, സ്റ്റൈല്‍, പ്രൈം എന്നീ നാല് വേരിയന്റുകളിലായിരിക്കും ഈ വാഹനം വിപണിയില്‍ എത്തുക.ഹ്യുണ്ടായി ക്രെറ്റയില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സ്റ്റാര്‍ഗേസറിന്റെ ഹൃദയം. ഇത് 113.4 ബി.എച്ച്.പി. പവറും 143.8 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നീ രണ്ട് ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും സ്റ്റാര്‍ഗേസര്‍ എത്തും. അതേസമയം, ഈ വാഹനം ഇന്ത്യയില്‍ എത്തുന്ന കാര്യം നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ല.

Related Articles

Back to top button