
വിൽപനയിൽ വൻ കുതിച്ചു ചാട്ടം നടത്തി സ്കോഡ ഇന്ത്യ. 2021നെ അപേക്ഷിച്ച് 2022 ൽ വിൽപനയിൽ 125 ശതമാനം വളർച്ചയാണ് സ്കോഡ ഇന്ത്യയ്ക്ക് ലഭിച്ചത്. 2021 ൽ 23858 കാറുകളാണ് വിറ്റതെങ്കിൽ 2022 ൽ 53721 കാറുകൾ സ്കോഡ ഇന്ത്യൻ നിരത്തുകളിലെത്തിച്ചു. ഇതോടെ സ്കോഡ ഇന്ത്യയുടെ ഏറ്റവും മികച്ച വർഷമായി 2022 മാറി. കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ സ്കോഡ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അധികം വാർഷിക വിൽപന റെക്കോർഡ് തിരുത്തിയിരുന്നു. സ്കോഡയുടെ ഏറ്റവും അധികം വാഹനങ്ങൾ വിൽക്കുന്ന മൂന്നാമത്ത വിപണിയും ഇന്ത്യയാണ്. 2021 ഡിസംബറിനെ അപേക്ഷിച്ച് 2022 ഡിസംബറിൽ 48 ശതമാനം വളർച്ച സ്കോഡ കൈവരിച്ചു. 4788 യൂണിറ്റാണ് കഴിഞ്ഞ മാസത്തെ വിൽപന. 2022 ആദ്യമെത്തിയ സ്ലാവിയയും പ്രീമിയം സെഡാനുകളായ ഓക്ടാവിയയും സൂപ്പർബും മികച്ച പ്രകടനമാണ് വിപണിയിൽ കാഴ്ച വയ്ക്കുന്നതെന്നാണ് സ്കോഡ അറിയിക്കുന്നത്.