
ഇന്ത്യയില്‍ വിപണിയില്‍ വേരുറപ്പിച്ച ഒല മറ്റ് രാജ്യങ്ങളിലേക്കും ഇലക്ട്രിക് സ്കൂട്ടറുകള്.യൂറോപ്യന്‍ വിപണികളാണ് ഇന്ത്യക്ക് പുറത്ത് ഒല പ്രധാനമായി ലക്ഷ്യമിടുന്നത്. ഇതിനായി ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഇ.ഐ.സി.എം.എ. മോട്ടോര്‍സൈക്കിള്‍ ഷോയിൽ ഒല എസ്1 ഇലക്ട്രിക് സ്കൂട്ടര്‍ പ്രദര്‍ശനത്തിനെത്തിച്ചു. യൂറോപ്യന്‍ വിപണികളില്‍ ശക്തമാകുന്നതിന് പുറമെ, നേപ്പാള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ആസിയാന്‍ പ്രവശ്യകളിലും വിപണി വിപുലീകരിക്കാനുള്ള പദ്ധതികളും ഒല ഇലക്ട്രിക്കിനുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.2023-ന്റെ ആദ്യ പാദത്തില്‍ തന്നെ ഇലക്ട്രിക് സ്കൂട്ടറുകള് യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുമെന്നാണ് അറിയുന്നത്. കമ്പനിയുടെ തമിഴ്നാട്ടിലെ പ്ലാന്റിൽ നിര്‍മിക്കുന്ന വാഹനങ്ങള്‍ കയറ്റുമതി ചെയ്തായിരിക്കും യൂറോപ്യന്‍ വിപണിയില്‍ എത്തിക്കുക. ഇന്ത്യന്‍ വിപണികളില്‍ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ മൂന്ന് വേരിയന്റുകളാണ് എത്തുന്നത്. എസ്1, എസ്1 പ്രോ, എസ്1 എയര്‍ എന്നിവയാണിത്. എന്നാല്‍, ഇതില്‍ എസ്1 മാത്രമാണ് മിലാനില്‍ ഒല പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒലയുടെ ഇലക്ട്രിക് സ്കൂട്ടര്‍ നിരയില്‍ ഏറ്റവുമൊടുവില്‍ എത്തിയ മോഡലാണ് എസ്1 എയര്‍. യൂറോപ്യന്‍ വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ഒല ഇലക്ട്രിക് സ്കൂട്ടറുകള് നേപ്പാളില്‍ എത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും നിര്‍മാതാക്കള്‍ക്ക് ഉണ്ടെന്നാണ് അഭ്യൂഹങ്ങൾ.