
ആന്‍ഡ്രോയിഡ് ഓട്ടോ അടിമുടി പരിഷ്‌കരിക്കുമെന്ന് ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂള്‍ വാക്ക് എന്ന പേരിലുള്ള പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സിന് പുറമെ മറ്റ് ചില ഫീച്ചറുകള്‍ കൂടി പുതിയ ആന്‍ഡ്രോയിഡ് ഓട്ടോയില്‍ ഉണ്ടാവും.ബീറ്റ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ ആന്‍ഡ്രോയിഡ് ഓട്ടോ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.താമസിയാതെ തന്നെ പുതിയ ആന്‍ഡ്രോയിഡ് ഓട്ടോയുടെ അന്തിമ പതിപ്പ് പുറത്തിറക്കിയേക്കുമെന്നാണ് വിവരം.ആന്‍ഡ്രോയിഡ് ഓട്ടോയിലൂടെ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഫോണുകള്‍ വാഹനത്തിലെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ബന്ധിപ്പിച്ച് പാട്ടുകള്‍, വീഡിയോകള്‍, നാവിഗേഷൻ ആപ്പുകള്‍ എന്നിവയെല്ലാം ആസ്വദിക്കാന്‍ സാധിക്കും.പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ നാവിഗേഷന്‍ മാപ്പ് കാണിക്കുന്ന സ്‌ക്രീനില്‍ തന്നെ മീഡിയ, കമ്മ്യൂണിക്കേഷന്‍ എന്നിവയെല്ലാം കാണാനാവുമെന്ന് ഗൂഗിള്‍ മുമ്പ് അറിയിച്ചിരുന്നു.സ്പ്ലിറ്റ് സ്‌ക്രീന്‍ ആണിതിന്റെ പ്രധാന സവിശേഷത. സ്പ്ലിറ്റ് സ്‌ക്രീനില്‍ വലിയൊരു പങ്കും നാവിഗേഷന്‍ ആപ്പിന് വേണ്ടിയാവും. ബാക്കിഭാഗം മ്യൂസിക് ആപ്പിനും കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ക്ക് വേണ്ടിയും മാറ്റിവെച്ചിരിക്കുന്നു.ആപ്പ് ഐക്കണുകള്‍ താഴെ ഇടത് ഭാഗത്തായി ക്രമീകരിച്ചിരിക്കുന്നതിന് പകരം പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ ക്രമീകരിക്കുന്നതിനനുസരിച്ച് ഐക്കണുകളും ക്രമീകരിക്കപ്പെടും. പ്ലേസ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡ് ഓട്ടോ ബീറ്റ പ്രോഗ്രാമിന്റെ ഭാഗമാവാം. ഇതിനകം ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായവര്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭിക്കും.