
സാമ്പത്തിക മാന്ദ്യം ഇന്ത്യയിലും പ്രകടമാകുമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ്. ഈ വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് മൂഡീസ് പറയുന്നു. 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.7.7 ശതമാനം കൈവരിക്കുമെന്ന് മുൻപ് കണക്കാക്കിയിരുന്നു. ആഗോള മാന്ദ്യവും പലിശ നിരക്കിലെ വർധനയുമാണ് വളർച്ച കുറയാൻ കാരണമായി പറയുന്നത്.ഇത് രണ്ടാം തവണയാണ് മൂഡീസ് വളർച്ചാ നിരക്കിൽ ഇന്ത്യ പിന്നാക്കം പോകുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. അടുത്ത വർഷം വളർച്ച 4.8 ശതമാനമാകും. 2023ൽ വീണ്ടും ഉയർന്ന് 6.4 ശതമാനത്തിലെത്തുമെന്നും ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിന്റെ വക്കിലാണെന്നും മൂഡീസ് പറയുന്നു. അതേസമയം, ബ്രിട്ടന്റെ സാമ്പത്തിക വളർച്ച കുറഞ്ഞു. ജൂലൈ–സെപ്റ്റംബർ കാലയളവിൽ വളർച്ചയിൽ 0.2 ശതമാനം കുറവ് ഉണ്ടായതായി കണക്കാക്കുന്നു.