
വൈദ്യുത വാഹനങ്ങളുള്‍പ്പെടെ ആഭ്യന്തര, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കായി ആറ് വാഹനങ്ങളുടെ നിര്‍മാണത്തിനായി തയ്യാറെടുത്ത് റെനോയും നിസ്സാനും. 5,300 കോടി രൂപയുടെ പ്രാരംഭ നിക്ഷേപമാണ് ഇതിനായി നടത്തുക. ഇരുകമ്പനികളും തമ്മിലുള്ള സഹകരണ ധാരണയനുസരിച്ച് നിസ്സാനിലുള്ള ഓഹരി പങ്കാളിത്തം റെനോ നിലവിലെ 43 ശതമാനത്തില്‍നിന്ന് 15 ശതമാനമായി കുറയ്ക്കും. റെനോയുടെ വൈദ്യുതവാഹന കമ്പനിയില്‍ നിസ്സാന്‍ നിക്ഷേപം നടത്തും. രണ്ടു കമ്പനികള്‍ക്കും വേണ്ടി മൂന്നു മോഡലുകള്‍ വീതം ആകെ ആറു പുതിയ മോഡലുകളാണ് ചെന്നൈയില്‍ രൂപകല്പന ചെയ്തു നിര്‍മിക്കുക. നാലു പുതിയ സി-സെഗ്മെന്റ് എസ്.യു.വി.കള്‍, രണ്ടു പുതിയ എ-സെഗ്മെന്റ് വൈദ്യുത വാഹനങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. റെനോയുടെയും നിസ്സാന്റെയും ഇന്ത്യയിലെ ആദ്യ വൈദ്യുത വാഹനങ്ങളായിരിക്കും ഇത്.