
വിമാന നിർമാണക്കമ്പനികളായ എയർബസ്, ബോയിങ് എന്നിവയിൽ നിന്നായി 470 വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ കരാർ ഒപ്പിട്ടു. ടാറ്റ ഏറ്റെടുത്ത ശേഷമുള്ള എയർ ഇന്ത്യയുടെ ആദ്യ വിമാന ഓർഡറാണിത്. 17 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എയർ ഇന്ത്യ വിമാന ഓർഡർ നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ വ്യോമയാനചരിത്രത്തിലെ വലിയ ഒറ്റത്തവണ വിമാനക്കരാറാണിത്. ഫ്രഞ്ച് വിമാനനിർമാണക്കമ്പനി എയർബസിൽനിന്ന് 40 വമ്പൻ വിമാനങ്ങളുൾപ്പെടെ 250 എയർക്രാഫ്റ്റുകൾ വാങ്ങും.40 എണ്ണം എ350 വിമാനങ്ങളാണ്. 16 മണിക്കൂറിലേറെ പറക്കുന്ന റൂട്ടിലാകും ഇവ മുഖ്യമായും ഉപയോഗിക്കുക. യുഎസ് കമ്പനിയായ ബോയിങ്ങിൽനിന്ന് 220 വിമാനങ്ങളാണ് വാങ്ങുക. 3400 കോടി ഡോളറിന്റെ കരാറിനെ ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചു. 190 ബി737 മാക്സ്, 20 ബി787, 10 ബി777–9എക്സ് എന്നീ വിമാനങ്ങളാണ് വാങ്ങുക. അധികമായി 50 വിമാനങ്ങൾ വാങ്ങാനുള്ള ഓപ്ഷനും കരാറിലുണ്ട്. ഇതുൾപ്പെടെ 4590 കോടി ഡോളറിന്റേതാണ് ഇടപാട്. ബോയിങ്ങിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിമാന ഇടപാടാണിത്.