
രാജ്യത്ത് ഇനി സെറ്റ് ടോപ് ബോക്സുകൾ ഇല്ലാതെയും ടെലിവിഷൻ ചാനലുകൾ കാണാം. ടി.വി.കളിൽത്തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ തിങ്കളാഴ്ച അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു. നടപ്പായാൽ സൗജന്യമായി കിട്ടുന്ന ഇരുനൂറോളം ചാനലുകൾ സെറ്റ് ടോപ് ബോക്സുകളില്ലാതെ കാണാനാകും. മന്ത്രിയുടെ പ്രഖ്യാപനം നടപ്പായാൽ ടി.വി. ചാനലുകൾ കാണാൻ സെറ്റ് ടോപ് ബോക്സുകൾ ആവശ്യമില്ലാതാകും. റേഡിയോ സെറ്റുകളിലേതുപോലെ ടി.വി.യിൽ നേരിട്ട് ചാനലുകൾ ട്യൂൺ ചെയ്യാനാകും. വീടുകളിൽ ചെറിയ ആന്റിന ഘടിപ്പിക്കണം. ടി.വി.കളിൽ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താൻ നിർമാതാക്കൾക്ക് നിർദേശം നൽകാനുള്ള നടപടി കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.