
അഞ്ചാം തലമുറ സിറ്റിയുടെ ഫെയ്സ്ലിഫ്റ്റ് വകഭേദം പുറത്തിറക്കി ഹോണ്ട. നാലു വകഭേദങ്ങളിലായി പെട്രോൾ, പെട്രോൾ ഓട്ടമാറ്റിക്ക്, ഹൈബ്രിഡ് എൻജിനുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 11.49 ലക്ഷം രൂപ മുതൽ 20.39 ലക്ഷം രൂപ വരെയാണ്.നേരത്തെ പുതിയ സിറ്റിയുടെ ബുക്കിങ് കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. ചെറിയ മാറ്റങ്ങളുമായിട്ടാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിയത്. മാറ്റങ്ങൾവരുത്തിയ ബംബർ, മുൻ ക്രോം ബാർ, ഗ്രിൽ ഡിസൈൻ, ചെറിയ മാറ്റങ്ങൾ വരുത്തിയ അലോയ്, ചെറിയ മാറ്റങ്ങളുള്ള പിൻഭാഗം എന്നിവ പുതിയ സിറ്റിയിലുണ്ട്. ഹൈബ്രിഡ് പതിപ്പിൽ മാത്രമുണ്ടായിരുന്ന എഡിഎസ് ഫീച്ചറുകൾ മാനുവലിലും ഓട്ടമാറ്റിക്കിലും കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ ആറ് എയർബാഗുകൾ, ടയർ പ്രെഷർ മോണിറ്ററിങ് സിസ്റ്റം, റെയിൻ സെൻസറിങ് വൈപ്പറുകൾ, വയർലെസ് ചാർജർ എന്നിവയുമുണ്ട്.ഡീസൽ എൻജിൻ ഒഴിവാക്കി പെട്രോൾ എൻജിനോടെ മാത്രമാണ് പുതിയ മോഡൽ എത്തിയത്. 121 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും സിവിടി ഗിയർബോക്സും നൽകിയിട്ടുണ്ട്. ഇ സിവിടിയുള്ള പെട്രോൾ ഹൈബ്രിഡ് പതിപ്പിന്റെ കരുത്ത് 126 ബിഎച്ച്പിയാണ്. പെട്രോൾ മാനുവലിന് 17.8 ലീറ്റർ ഇന്ധനക്ഷമതയും പെട്രോൾ ഓട്ടമാറ്റിക്കിന് 18.4 ലീറ്റർ ഇന്ധനക്ഷമതയും ഹൈബ്രിഡിന് 27.13 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട വാക്ദാനം ചെയ്യുന്നു.