Auto
Trending

2027-ഓടെ ഇന്ത്യയില്‍ ഡീസല്‍ കാറുകള്‍ നിരോധിച്ചേക്കും

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 2027-ഓടു കൂടി ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ സമിതി. മുന്‍ പെട്രോള്‍ സെക്രട്ടറി തരുണ്‍ കപൂര്‍ നേതൃത്വത്തിലുള്ള പാനലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ എനര്‍ജി ട്രാന്‍സിഷന്‍ അഡൈ്വസറി കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലായിരിക്കും ഡീസല്‍ വാഹനങ്ങളുടെ നിരോധനം നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകള്‍ക്കും വാഹനങ്ങള്‍ക്കും പകരം ഇലക്ട്രിക് അല്ലെങ്കില്‍ സി.എന്‍.ജി. ഇന്ധനമായുള്ള വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. കൂടാതെ 2030-ഓടെ സിറ്റി സര്‍വീസുകള്‍ക്കായി ഇലക്ട്രിക് ബസുകള്‍ മാത്രമേ എത്തുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനൊപ്പം 2024-ല്‍ തന്നെ ഡീസല്‍ ബസുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഡീസലില്‍ നിന്ന് ഇലക്ട്രിക്കിലേക്കോ, സി.എന്‍.ജിയിലേക്കോ മാറണം. അതുപോലെ റെയില്‍വേ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും വൈദ്യുതിയിലാകുമെന്നാണ് സമിതി വിലയിരുത്തുന്നത്.

Related Articles

Back to top button