
വില പ്രഖ്യാപിക്കും മുമ്പേ മികച്ച ബുക്കിങ്ങുമായി മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവർ ഫ്രോങ്സ്. ജിംനിയുടെ കൂടെ ഓട്ടോഎക്സ്പോയിൽ ജനുവരി 12ന് അവതരിപ്പിച്ച പുതിയ ക്രോസ് ഓവറിന് ഇതുവരെ 5500 ബുക്കിങ്ങുകൾ ലഭിച്ചു എന്നാണ് മാരുതി അറിയിക്കുന്നത്. നെക്സ വഴി ഏപ്രിൽ മുതൽ വാഹനം വിൽപനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. ആദ്യ പ്രദർശനത്തോടൊപ്പം ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങിയിരുന്നു.ഫ്രോങ്സിനെ കഴിയുന്നത്ര മസ്കുലർ ആക്കി മാറ്റാൻ മാരുതി സുസുക്കി പരിശ്രമിച്ചിട്ടുണ്ട്. ഗ്രിൽ, ക്രോം സ്ട്രിപ്, ഡിആർഎൽ, ബോണറ്റ് എന്നിവയ്ക്കെല്ലാം വിറ്റാരയോട് സാമ്യമുണ്ട്. മൂന്ന് ലൈറ്റുകളുള്ള ഹെഡ്ലാംപാണ്. മസ്കുലർ ലുക്ക് തോന്നിക്കുന്നതിന് മുന്നിലും വശങ്ങളിലും പിന്നിലും പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. മനോഹര ഡിസൈനിലുള്ള അലോയ് വീലുകളാണ്. ഫ്ലോട്ടിങ് 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും വാഹനത്തിലുണ്ട്. ഐഡിൽ–സ്റ്റാർട് സ്റ്റോപ്പുള്ള 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്. 1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്ക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്സുമുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയർബോക്സും ലഭിക്കും. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിൽ ഫ്രോങ്സ് വിപണിയിലെത്തും.