
എഫ്.പി.ഒയില്‍നിന്ന് പിന്‍വാങ്ങിയതോടെ അദാനി ഓഹരികളില്‍ വീണ്ടും കനത്ത തകര്‍ച്ച. ഇതോടെ അദാനി കമ്പനികളുടെ വിപണി മൂല്യത്തില്‍ 100 ബില്യണ്‍ ഡോളര്‍ (8.19 ലക്ഷം കോടി രൂപ) നഷ്ടമായി. അദാനി എന്റര്‍പ്രൈസസിന്റെ എഫ്പിഒ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടും നാടകീയമായി അതില്‍നിന്ന് പിന്മാറിയതോടയാണ് വ്യാഴാഴ്ച ഓഹരികള്‍ ഇടിവ് നേരിട്ടത്. ഓഹരി വിപണിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം നിലവിലെ സാഹചര്യത്തില്‍ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന് വിലയിരുത്തിയാണ് ബോര്‍ഡ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന അദാനി വിശദീകരിച്ചിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ച്ച നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം അദാനിക്ക് നഷ്ടമായിരുന്നു. ഫോബ്‌സ് പട്ടിക പ്രകാരം കഴിഞ്ഞയാഴ്ച ലോക കോടീശ്വരന്മാരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനിയുടെ സ്ഥാനം ഇപ്പോള്‍ 16-ാംസ്ഥാനത്തായി.