
റെക്കോഡ് നേട്ടം കൊയ്യ്ത് മഹീന്ദ്ര ഥാര്‍, കേവലം രണ്ടര വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പന നടത്തിയെന്ന നാഴികക്കല്ലാണ് മഹീന്ദ്ര മറികടന്നിരിക്കുന്നത്. ഥാറിന്റെ ‘മാര്‍ക്കറ്റ് പവര്‍’ എന്താണെന്ന് വിറ്റഴിഞ്ഞ ഈ ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിളിച്ചുപറയും. ആദ്യം വിപണിയിലെത്തിയ മോഡലില്‍ നിന്ന് കാലോചിതമായ മാറ്റങ്ങളോടെ കൃത്യ സമയത്താണ് മഹീന്ദ്ര പുതിയ മോഡലിനെ വിപണിയിലെത്തിച്ചത്.ലൈഫ്‌സ്റ്റൈല്‍ വാഹനമായി രൂപാന്തരപ്പെട്ടതിനു പിന്നാലെയാണ് ഥാറിന്റെ മികച്ച കാലം തുടങ്ങിയത്.രാജ്യാന്തര നിലവാരത്തില്‍ റാംഗ്ലര്‍ മോഡലിനോടു കിടപിടിക്കുന്ന വിധത്തില്‍ നിര്‍മിച്ച രൂപവും പ്രായോഗികതയും ഒപ്പം ആഡംബരവും നിറച്ച് മികച്ച വിലയില്‍ വിപണിയിലെത്തിച്ചതോടെയാണ് ഥാര്‍ കൂടുതല്‍ ഗാരിജുകളിലേക്ക് എത്തിത്തുടങ്ങിയത്. സുരക്ഷയും ഒപ്പം എല്ലാ പ്രായങ്ങളിലുള്ളവര്‍ക്കും സൗകര്യങ്ങളും ചേര്‍ത്തതോടെ ഥാറിനെ ആളുകള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഒരു എസ് യുവിക്ക് സമാനമായി സുരക്ഷിതവും സൗകര്യപ്രദവുമായ ക്യാബിനും ഒട്ടേറെ നവീന സന്നാഹങ്ങളും ചേര്‍ത്ത് ഥാറിനെ ലൈഫ്‌സ്റ്റൈല്‍ വാഹനമാക്കിയ മഹീന്ദ്രയുടെ പദ്ധതി വലിയ വിജയമായി തീരുകയായിരുന്നു. നിലവില്‍ റിയല്‍ വീല്‍ ഡ്രൈവ് – ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളാണ് ഥാറിനുള്ളത്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മെക്കാനിക്കല്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍, ഷിഫ്റ്റ് ഓണ്‍ ദി ഫ്‌ളൈ ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ സന്നാഹങ്ങളോടൊപ്പം ദൈനംദിന യാത്രകള്‍ക്ക് ഇണങ്ങുന്ന വിധത്തിലുള്ള ഡിസൈനും കൂടി ചേര്‍ന്നതോടെ ഥാര്‍ ഒരു ഫാമിലി കാര്‍ എന്ന നിലയിലേക്ക് കൂടി ഉയര്‍ന്നിരുന്നു. റിയര്‍ വീല്‍ ഡ്രൈവ് വകഭേദത്തിന് 9.99 ലക്ഷം രൂപ മുതലും ഫോര്‍ വീല്‍ ഡ്രൈവ് വകഭേദത്തിന് 13.50 ലക്ഷം രൂപ മുതലുമാണ് വില ആരംഭിക്കുന്നത്.