
ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കായി വാട്സാപ്പിൽ പുതിയ വിഡിയോ മെസേജ് ഫീച്ചർ വരുന്നു എന്നാണ് റിപ്പോർട്ട്. 60 സെക്കൻഡ് വിഡിയോ മെസേജ് അയയ്ക്കാൻ സാധിക്കുന്നതായിരിക്കും പുതിയ ഫീച്ചർ.വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’ ഫീച്ചർ വികസിപ്പിക്കുന്നു എന്നാണ് വിവരം. ഇതിൽ ഉപയോക്താക്കൾക്ക് ചാറ്റ് ബോക്‌സിലെ മൈക്ക് ഐക്കണിൽ ക്ലിക്കുചെയ്‌ത് വോയ്‌സ് നോട്ടുകൾ അയയ്‌ക്കാൻ കഴിയുന്നത് പോലെ ഷോർട്ട് വിഡിയോ മെസേജുകൾ അയയ്‌ക്കാം. ടെലഗ്രാമിലെ വിഡിയോ നോട്ട് ഫീച്ചറിന് സമാനമായാണ് വാട്സാപ്പിലെ പുതിയ വിഡിയോ മെസേജ് ഫീച്ചറും പ്രവർത്തിക്കുക. ചാറ്റ് ബോക്സിലെ ക്യാമറ ബട്ടൺ അമർത്തി കോൺടാക്‌റ്റുകൾക്ക് 60 സെക്കൻഡ് വരെയുള്ള ഹ്രസ്വ വിഡിയോകൾ അയയ്ക്കാം. വാട്സാപ്പിലെ വിഡിയോ മെസേജുകൾ വോയ്‌സ് നോട്ടുകൾക്ക് സമാനമായാണ് പ്രവർത്തിക്കുക.വിഡിയോ മെസേജുകൾ വഴി കൂടുതൽ മികച്ച ആശയവിനിമയം സാധ്യമാകും. വിഡിയോ മെസേജുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റായി നിലനിർത്തും. അധിക സ്വകാര്യതയ്ക്കായി ഈ വിഡിയോ സന്ദേശങ്ങൾ സൂക്ഷിക്കാനോ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാനോ അനുവദിക്കില്ല. എങ്കിലും വിഡിയോ മെസേജുകളിൽ നിന്ന് സ്ക്രീൻഷോട്ടുകൾ പകർത്താൻ സാധിച്ചേക്കും.