
ആഗോള ഭീമനായ പെപ്സി, 14 വർഷത്തിനു ശേഷം അതിന്റെ വിഷ്വൽ ഐഡന്റിറ്റിയുടെ പ്രതീകമായ ലോഗോ പുതുക്കുകയാണ്. മാത്രമല്ല, ഐക്കണിക് ബിവറേജ് ബ്രാൻഡിന്റെ 1987-1997 കാലഘട്ടത്തിലെ ലോഗോയുമായി പുതിയ ലോഗോയ്ക്ക് സാമ്യമുണ്ട്. പെപ്‌സിയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് 2023 സെപ്റ്റംബറിൽ വടക്കേ അമേരിക്കയിലെ വിപണികളിലും 2024 ൽ ലോകമെമ്പാടും പുതിയ ഡിസൈൻ അവതരിപ്പിക്കും.പാക്കേജിംഗ്, ഫൗണ്ടൻ, കൂളിംഗ് ഉപകരണങ്ങൾ, ഫ്ലീറ്റ്, ഫാഷൻ, ഡൈനിംഗ് എന്നിവയുൾപ്പെടെ ബ്രാൻഡിന്റെ ഡിജിറ്റൽ, ഫിസിക്കൽ വിപണികളിലുടനീളം പുതിയ ഡിസൈൻ ഫീച്ചർ ചെയ്യുമെന്ന് കമ്പനി അറിയിച്ചു.റീബ്രാൻഡിംഗിന്റെ ഭാഗമായാണ് പുതിയ ലോഗോ പുറത്തിറക്കിയത്. 1898-ൽ ബ്രാൻഡ് ആരംഭിച്ചതിനുശേഷം ലോഗോയുടെ ആറാമത്തെ പുനർരൂപകൽപ്പനയാണിത്. ഉപഭോക്താക്കൾ അവരുടെ ഉൽപ്പന്നങ്ങളിൽ കാണുന്ന നിലവിലെ ലോഗോ 2008 മുതൽ ഉപയോഗത്തിലുണ്ട്. ഏറ്റവും പുതിയ ഡിസൈൻ 15 വർഷത്തിനിടയിലെ ആദ്യത്തെ മാറ്റമാണ്. കമ്പനിയുടെ ഭാവി വളർച്ചാ പദ്ധതിയിൽ പ്രധാന പങ്ക് വഹിക്കുന്ന സീറോ ഷുഗർ ലൈനിലേക്ക് ശ്രദ്ധ ആകർഷിക്കാൻ കൂടിയാണ് ലോഗോയിൽ മാറ്റം വരുത്തിയതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.ഗൃഹാതുരതയുടെ സ്‌പർശത്തോടെ ലളിതവും ക്ലാസിക്കുമായ ഡിസൈൻ ആണ് പെപ്സി അവതരിപ്പിച്ചിരിക്കുന്നത്.