Auto
Trending

ഒന്നാം പിറന്നാള്‍ കളറാക്കാന്‍ സോണറ്റിന്‌ ആനിവേഴ്‌സറി എഡിഷൻ എത്തി

കിയ മോട്ടോഴ്സിന്റെ മൂന്നാമനായി ഇന്ത്യയിൽ എത്തിയ വാഹനമാണ് സോണറ്റ് എന്ന കോംപാക്ട് എസ്.യു.വി. 2020-ൽ ഇന്ത്യയിൽ എത്തിയ ഈ വാഹനം ഇപ്പോൾ ഒന്നാം വയസിന്റെ നിറവിലാണ്. ഇന്ത്യൻ നിരത്തുകളിൽ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി സോണറ്റിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കിയ മോട്ടോഴ്സ്. ആനിവേഴ്സറി എഡിഷൻ എന്ന പേരിലാണ് ഈ പ്രത്യേക പതിപ്പ് എത്തിയിട്ടുള്ളത്.സോണറ്റിന്റെ നാല് വേരിയന്റുകളാണ് ആനിവേഴ്സറി എഡിഷനായി നിരത്തുകളിൽ എത്തിയിരിക്കുന്നത്. പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തിയിട്ടുള്ള സോണറ്റിന്റെ ഈ പ്രത്യേക പതിപ്പിന് 10.79 ലക്ഷം രൂപ മുതൽ 11.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.2022 മാർച്ച് വരെ ഈ പതിപ്പിന്റെ വിൽപ്പന തുടരുമെന്നാണ് വിവരം. അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, സിൽവർ സ്റ്റീൽ, ഗ്ലേസിയർ വൈറ്റ് പേൾ എന്നീ നാല് നിറങ്ങളിലാണ് സോണറ്റിന്റെ ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചിട്ടുള്ളത്. ഐ.എം.ടി, ഡി.സി.ടി, മാനുവൽ എന്നീ മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ഈ വാഹനം വിപണിയിൽ എത്തിയിട്ടുണ്ട്.സോണറ്റിന്റെ HTX വകഭേദത്തിനെ അടിസ്ഥാനമാക്കിയാണ് ആനിവേഴ്സറി എഡിഷൻ ഒരുക്കിയിരിക്കുന്നത്. റെഗുലർ സോണറ്റിന്റെ രൂപത്തിനൊപ്പം മോടിപിടിപ്പിക്കുന്നതിനുള്ള മിനുക്കുപണികളും നൽകിയാണ് ആനിവേഴ്സറി എഡിഷൻ ഒരുക്കിയിട്ടുള്ളത്. മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റ്, ഓറഞ്ച് നിറത്തിൽ നൽകിയിട്ടുള്ള ആക്സെന്റുകൾ, ഗ്രില്ലിൽ നൽകിയിട്ടുള്ള ഓറഞ്ച് നിറം നൽകിയിട്ടുള്ള സ്റ്റഡുകൾ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആർ.എൽ, എൽ.ഇ.ഡി. ടെയ്ൽലാമ്പ്, പ്രൊജക്ഷൻ ഫോഗ്ലാമ്പ് തുടങ്ങിയവയാണ് ആനിവേഴ്സറി എഡിഷനെ സ്റ്റൈലിഷാക്കുന്ന ഘടകങ്ങൾ.റെഗുലർ സോണറ്റിന് സമാനമായി 1.5 ലിറ്റർ ഡീസൽ എൻജിനിലും 1.0 ലിറ്റർ പെട്രോൾ ടർബോ എൻജിനിലുമാണ് ആനിവേഴ്സറി എഡിഷനും എത്തിയിരിക്കുന്നത്. ഡീസൽ എൻജിൻ മാനുവൽ മോഡൽ 99 ബി.എച്ച്.പി. പവറും 220 എൻ.എം. ടോർക്കും ഓട്ടോമാറ്റിക് മോഡൽ 113 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകും. പെട്രോൾ എൻജിൻ 118 ബി.എച്ച്.പി. പവറും 172 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സോണറ്റിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ നിരത്തുകളിൽ എത്തിക്കാൻ സാധിച്ചതും ഒരു വർഷം തികഞ്ഞതിന്റെ ആഘോഷത്തിന് ഇരട്ടിമധുരം പകരുന്നുണ്ട്.

Related Articles

Back to top button