
ജീപ്പ് ബ്രാൻഡിങ്ങിലുള്ള ഏറ്റവും ചെറിയ എസ്‌യുവിയാണ് അവഞ്ചർ ഇവി. ഈ വർഷത്തെ 4എക്സ്ഇ ഡേയുടെ ഭാഗമായി കഴിഞ്ഞ മാസമാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ഇപ്പോൾ അമേരിക്കൻ കാർ നിർമാതാക്കളായ ജീപ്പ് ഈ വാഹനത്തിന്റെ പവർട്രെയ്നും ദൂരക്ഷമതയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷാരംഭത്തോടെ ഈ വാഹനം യൂറോപ്യൻ നിരത്തുകളിലെത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ സ്റ്റെല്ലാന്റിസ് എസ്ടിഎൽഎ എന്ന ചെറു പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യ വാഹനവും ഇതു തന്നെയാകും.
ഇക്കുറി ആദ്യമായി ജീപ്പ് ഈ വാഹനത്തിന്റെ ഉൾഭാഗം വ്യക്തമാക്കിയിട്ടുണ്ട്.വളരെ മിനിമലിസ്റ്റിക്കായ ഡാഷ്ബോർഡിൽ തലയുയർത്തി നിൽക്കുന്നത് വലിയ ടച്ച് സ്ക്രീനാണ്. ദീർഘചതുര വടിവുള്ള എസി വെന്റുകൾ, ബോഡി കളർ സ്ട്രിപ്പുകൾ എന്നിവയും 2 സ്വിച്ചുകളും വാഹനത്തിൽ കാണാം. എസി – ഡ്രൈവ് സെലക്ടർ എന്നിവയാണ് സ്വിച്ചുകളിൽ. തടിച്ച രൂപമുള്ള സ്റ്റിയറിങ് കോളം, അതിൽ തന്നെ വിവിധ തരത്തിലെ സ്വിച്ചുകൾ, പൂർണമായി ഡിജിറ്റലൈസ് ചെയ്ത ഇൻസ്ട്രമെന്റ് കൺസോൾ, എന്നിവയും കാണാം. സെന്റർ കൺസോളും ലളിതമാണെങ്കിലും ഇവിടെയെല്ലാം ചെറിയ സ്റ്റോറേജ് സ്പെയ്സുകളും വലിയ ഇ ബാഡ്ജിങ്ങും കാണാൻ സാധിക്കുന്നു. എസി വെന്റുകൾക്ക് താഴെയായി സ്റ്റോറേജ് സ്പെയ്സ് ക്രമീകരിച്ചിട്ടുണ്ട്. ജീപ്പിന്റെ ഏറ്റവും ചെറിയ വാഹനമായ അവെഞ്ചർ ഇവി 4 വാഹനങ്ങളുടെ ലിസ്റ്റിൽ ഏറ്റവും ഒടുവിലാകാനാണ് സാധ്യത.
സ്റ്റെല്ലാന്റിസ് നിർമിച്ച 54 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന്റെ ദൂരക്ഷമത 400 കിലോമീറ്റർ ആയിരിക്കുമെന്ന് ഡബ്ല്യുഎൽടിപി സൂചനകളുണ്ട്.എന്നാൽ ജീപ്പ് അവകാശപ്പെടുന്നത് ഡ്രൈവിങ് കണ്ടീഷനുകളെ ആശ്രയിച്ച് 550 കിലോമീറ്ററുകളിലേറെ ദൂരം യാത്ര ചെയ്യാൻ ഈ വാഹനത്തിനു ശേഷിയുണ്ടെന്നാണ്. ജീപ്പ് ബ്രാൻഡിലെ സെലെക് ടെറെയ്ൻ ഓഫ്റോഡ് മോഡുകളും (നോർമൽ, ഇക്കോ, സ്പോർട്ട്, സ്നോ, മഡ് ആൻഡ് സ്നോ) വാഹനത്തിനു ലഭിക്കും. അവെഞ്ചർ ഇവിയിൽ 20 ഡിഗ്രി അപ്രോച്ച് ആൻഡ് ബ്രേക്ക്ഓവർ ആംഗിളും 32 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും ഉണ്ടാകാനാണ് സാധ്യത. പോളണ്ടിലെ ടിക്കിയിലെ അതിനൂതന അത്യാധുനിക പ്ലാന്റിലാണ് അവെഞ്ചർ ഇവി നിർമിക്കപ്പെടുന്നത്. ഇതേ മോഡൽ തന്നെയായിരിക്കും യൂറോപ്, ജപ്പാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലും വിൽപനയ്ക്ക് എത്തുന്നത്. ഭാവിയിൽ ഈ വാഹനവും ഇന്ത്യയിലേക്ക് എത്താനും സാധ്യതയുണ്ട്.