
ഇന്ത്യക്കായി ഹ്യുണ്ടായി എത്തിക്കുന്ന ആഡംബര ഇലക്ട്രിക് വാഹനമായ അയോണിക് 5-ന് മികച്ച വരവേല്‍പ്പാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ നല്‍കുന്നത്. ഇതിനോടകം തന്നെ ഈ വാഹനത്തിന് 650 ബുക്കിങ്ങ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാരംഭ വിലയായി 44.95 ലക്ഷം രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വാഹനം സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തിയത്. എന്നാൽ, ആദ്യഘട്ടത്തില്‍ അയോണിക് 5-ന്റെ 250 മുതല്‍ 300 വരെ യൂണിറ്റ് വിതരണം ചെയ്യാനാണ് ഹ്യുണ്ടായി തീരുമാനിച്ചിരുന്നത്. ഹ്യുണ്ടായിയില്‍ നിന്ന് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലാണ് അയോണിക് 5. ആദ്യ വാഹനമായ കോനയില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോമായ ഇ-ജി.എം.പിയെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് അയോണിക് 5. പാരാമെട്രിക് പിക്സല്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രീമിയം ലുക്ക് നല്‍കുന്നത്. ഫ്ളാറ്റ് ബോണറ്റ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കി സിംപിള്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഗ്രില്ലിന്റെ അഭാവമുള്ളതിനാല്‍ തന്നെ ബോണറ്റിലാണ് ഹ്യുണ്ടായിയുടെ ലോഗോ നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72യ6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്.