
അൽക്കസാറിന്റെ 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ പതിപ്പുമായി ഹ്യുണ്ടേയ്. പ്രെസ്റ്റീജ്, പ്ലാറ്റിനം, പ്ലാറ്റിനം (ഒ), സിഗ്നേച്ചർ (ഒ) എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 16.74 ലക്ഷം രൂപ മുതൽ 20.25 ലക്ഷം രൂപ വരെയാണ്. നേരത്തെ ഹ്യുണ്ടേയ് 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 160 പിഎസ് കരുത്തും 253 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഡിസിടി എന്നീ ഗിയർബോക്സുകൾക്കൊപ്പം പുതിയ എൻജിൻ ലഭിക്കും. പുതിയ പെട്രോൾ എൻജിനൊപ്പം നിലവിലെ ഡീസൽ എൻജിൻ മോഡലും വിൽപനയ്ക്കുണ്ടാകും.എൻജിനിൽ മാത്രമല്ല മുൻ ഗ്രില്ലില്‍ അടക്കം ചെറിയ മാറ്റങ്ങള്‍ വാഹനത്തില്‍ വരുത്തിയിട്ടുണ്ട്. ഐഎസ്ജി (ഐഡിൽ സ്റ്റോപ് ആൻഡ് ഗോ) സാങ്കേതികവിദ്യ, സുരക്ഷയ്ക്കായി അടിസ്ഥാന വകഭേദം മുതൽ ആറ് എയർബാഗുകൾ എന്നിവയും നൽകിയിരിക്കുന്നു.ആറ്, ഏഴു സീറ്റ് വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനം പുതിയ ആർഡിഇ നിലവാരം പുലർത്തുന്നതും എഥനോൾ 20 ഫ്യൂവൽ റെഡിയുമാണെന്നാണ് ഹ്യുണ്ടേയ് പറയുന്നത്.