
താമസിയാതെ തന്നെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് ട്വിറ്ററില്‍ ദൈര്‍ഘ്യമേറിയ ലേഖനങ്ങള്‍ എഴുതാന്‍ സാധിച്ചേക്കും. കമ്പനി മേധാവി ഇലോണ്‍ മസ്ക് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പലപ്പോഴും തങ്ങളുടെ ഫോളോവര്‍മാരുമായി വിശദമായി കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്വിറ്ററിലെ ക്യാരക്ടര്‍ പരിമിതി വലിയൊരു തടസമാവാറുണ്ട്. പുതിയ മാറ്റം അവര്‍ക്ക് ആശ്വാസകരമാവും.10000 ക്യാരക്ടറുകളില്‍ ട്വീറ്റ് പങ്കുവെക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ എന്ന് മസ്ക് പറഞ്ഞു.നിലവില്‍ ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് ഉള്ളവര്‍ക്ക് 4000 ക്യാരക്ടര്‍ പരിധിയില്‍ ട്വീറ്റ് ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. സാധാരണ ഉപഭോക്താക്കള്‍ക്ക് 280 ക്യാരക്ടര്‍ പരിധിയില്‍ മാത്രമേ ട്വീറ്റ് ചെയ്യാനാവൂ. 10000 ക്യാരക്ടര്‍ പരിധിയില്‍ ലേഖനം എഴുതാനുള്ള സൗകര്യം ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് കീഴില്‍ തന്നെയാണോ അതോ എല്ലാവര്‍ക്കുമായി ലഭിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും ഇത് സബ്സ്ക്രിപ്ഷന് കീഴില്‍ തന്നെ വരാനാണ് സാധ്യത.