
കടുത്ത മത്സരം നടക്കുന്ന വാഹനശ്രേണിയാണ് മിഡ് സൈസ് എസ്.യു.വി. ഈ സെഗ്മെന്റിലേക്ക് പൊരാട്ടത്തിനായി പുതിയ ഒരു പോരാളി കൂടി എത്തുകയാണ്. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയില്‍ നിന്നായിരിക്കും മിഡ്-സൈസ് എസ്.യു.വികളിലേക്ക് പുതിയ മോഡല്‍ എത്തുന്നതെന്നാണ് വിവരം. അടുത്തിടെ മുഖംമിനുക്കിയെത്തിയ അമേസിന്റെ പ്ലാറ്റ്ഫോമിലായിരിക്കും ഈ എസ്.യു.വി. ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, 4.3 മീറ്റര്‍ നീളത്തിലാണ് ഇത് ഒരുങ്ങുക. പെട്രോള്‍ എന്‍ജിനൊപ്പം ഹോണ്ട സിറ്റിയില്‍ നല്‍കിയിട്ടുള്ള ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ഇത് എത്തിയേക്കും. 2023-ന്റെ പകുതിയോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹോണ്ട എസ്.യു.വി. 2023 ഉത്സവ സീസണിന്റെ ഭാഗമായായിരിക്കും വിപണിയില്‍ രംഗപ്രവേശനം ചെയ്യുക. വലിയ ഹെക്സഗൊണല്‍ ഗ്രില്ല്, റാപ്പ് എറൗണ്ട് ഹെഡ്ലാമ്പുകള്‍, ക്യാറക്ടര്‍ ലൈനുകള്‍ നല്‍കിയുള്ള വശങ്ങള്, ആകര്‍ഷകമായ റിയര്‍ പ്രൊഫൈല്‍ എന്നിവ ഇതില്‍ പ്രതീക്ഷിക്കാം. അതേസമയം, ഇന്ത്യക്കായി മാത്രമെത്തുന്ന വാഹനമാണിതെന്നും സൂചനയുണ്ട്. ഫീച്ചര്‍ സമ്പന്നമായാണ് ഹോണ്ടയുടെ പുതുതലമുറ സിറ്റി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തിയിട്ടുള്ളത്. ഇത് വരാനിരിക്കുന്ന എസ്.യു.വിയിലും കൊണ്ടുവരും. 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.2 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയവ ഈ വാഹനത്തിലും ഉള്‍പ്പെടുത്തും. ഇതിനൊപ്പം എസ്.യു.വി. ഭാവം നല്‍കുന്നതിനുള്ള ഫീച്ചറുകള്‍ക്കൊപ്പം കാര്യക്ഷമമായ സ്റ്റോറേജ് സംവിധാനങ്ങളും ഈ വാഹനത്തെ ആകര്‍ഷകമാക്കും. അഞ്ചാം തലമുറ സിറ്റിയില്‍ നല്‍കിയിട്ടുള്ള 121 ബി.എച്ച്.പി. പവര്‍ നല്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും, 1.5 പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുങ്ങും. മെക്കാനിക്കല്‍ സംവിധാനങ്ങളില്‍ ഹൈറൈഡറിനോടും ഗ്രാന്റ് വിത്താരയോടുമായിരിക്കും ഹോണ്ടയുടെ എസ്.യു.വിയും ഏറ്റുമുട്ടുക.