
കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ യൂട്യൂബർമാരെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. ഇതോടെ ഇതുവഴി രാജ്യത്തേക്ക് എത്തുന്ന വരുമാനവും വർധിച്ചു.ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സിന്റെ പഠനമനുസരിച്ച് 2021 ൽ ഇന്ത്യയുടെ ജിഡിപിയിലേക്ക് യൂട്യൂബർമാർ നൽകിയത് 10,000 കോടിയിലധികം രൂപയാണ്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, 2020 ൽ യൂട്യൂബ് സ്രഷ്‌ടാക്കൾ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും 6,83,900 ജോലികൾക്ക് തുല്യമായ പിന്തുണ നൽകുകയും ചെയ്തിരുന്നു. സജീവമായ യൂട്യൂബർമാരിൽ നടത്തിയ സർവെ പ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യത്ത് ഏകദേശം 10 ലക്ഷം 4500 യൂട്യൂബ് ചാനലുകളുണ്ടെന്നാണ് പറയുന്നത്. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിലാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്.യൂട്യൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം ഇന്ത്യയുടെ സ്രഷ്‌ടാക്കളുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, രാജ്യത്തെ പുതിയ തൊഴിലവസരങ്ങളെയും മറ്റു സാധ്യതതകളെയും പിന്തുണയ്‌ക്കുന്നു എന്നും യൂട്യൂബ് ഇന്ത്യ മേധാവി അജയ് വിദ്യാസാഗർ പറഞ്ഞു. വിവിധ പ്രാദേശിക ഭാഷകളിലേക്ക് വിഡിയോകൾ വിവർത്തനം ചെയ്യുന്നതിനും ഡബ് ചെയ്യുന്നതിനുമായി എഐ/എംഎൽ പ്രാപ്‌തമാക്കിയ സൊല്യൂഷൻ പ്ലാറ്റ്‌ഫോം വരെ ലഭ്യമാണ്. ഇത് നിലവിൽ ചില ആരോഗ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചാനലുകൾക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.