
വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അവരെ പ്രതിനിധീകരിക്കാന്‍ ഒരു ആള്‍ രൂപം (അവതാര്‍) സൃഷ്ടിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി.വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റായുടെ കീഴിലുള്ള മെസഞ്ചര്‍, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നേരത്തേ തന്നെ ലഭ്യമായിരുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് വിവിധ തരം വസ്ത്രങ്ങൾ, മുഖ ലക്ഷണങ്ങള്‍ തുടങ്ങിയവയടക്കം ഉള്‍പ്പെടുത്തി അവതാര്‍ സൃഷ്ടിക്കാനാവും.വാട്‌സാപ്പിലേക്ക് അവതാര്‍ എത്തുന്ന കാര്യം അറിയിച്ചുള്ള മെറ്റായുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം ഉപയോക്താവ് ഇട്ടിരിക്കുന്ന പ്രൊഫൈല്‍ ഫോട്ടോ തന്റെ അവതാറിന്റെ മുഖമായി വേണമെങ്കില്‍ ഉപയോഗിക്കാം.അവതാര്‍ ഒരുക്കാനായി ക്രമീകരിക്കാവുന്ന 36 സ്റ്റിക്കറുകളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്.അവതാറിന്റെ പ്രവൃത്തിയും വികാരപ്രകടനവും ഇവ ഉപയോഗിച്ച് ക്രമീകരിക്കാം. അടുത്തുതന്നെ അവതാറിന് അധിക ഫീച്ചറുകളും നല്‍കുമെന്ന് കമ്പനി അറിയിച്ചു. ലൈറ്റിങ് ക്രമീകരിക്കാം, മുടിയുടെ സ്റ്റൈലില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താം, ഷെയ്ഡിങ് നടത്താം തുടങ്ങി ഒരുപറ്റം ക്രമീകരണ സാധ്യത കൂടി മെറ്റാ നല്‍കും.