Auto
Trending

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ നിര്‍മാണം ഓഗസ്റ്റില്‍ തുടങ്ങും

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഇന്ത്യൻ നിരത്തുകൾക്കായി ഒരുക്കുന്ന മിഡ്-സൈസ് എസ്.യു.വി. മോഡലാണ് ടൈഗൂൺ. ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തിയ ഈ വാഹനത്തിന്റെ നിർമാണം ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 18-ന് ടൈഗൂണിന്റെ നിർമാണം ആരംഭിക്കുമെന്നാണ് വിവരങ്ങൾ. അതേസമയം, സെപ്റ്റംബർ മാസത്തോടെ ഈ വാഹനം വിപണിയിൽ എത്തുമെന്നും സൂചനയുണ്ട്.ഫോക്സ്വാഗൺ-സ്കോഡ കൂട്ടുകെട്ടിൽ ഒരുങ്ങിയിട്ടുള്ള MBQ AO IN പ്ലാറ്റ്ഫോമിലാണ് ടൈഗൂൺ ഒരുങ്ങിയിട്ടുള്ളത്. സ്കോഡ അടുത്തിടെ പുറത്തിറക്കിയ കുഷാക്ക് എസ്.യു.യുടെയും അടിസ്ഥാനം ഇതേ പ്ലാറ്റ്ഫോമാണ്.ഫോക്സ്വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് ടൈഗൂണിന്റെ കൺസെപ്റ്റ് മോഡൽ പ്രദർശനത്തിനെത്തിയത്.


ഫീച്ചറുകളുടെ കലവറയാണ് ഈ വാഹനത്തിന്റെ അകത്തളം. 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വെന്റിലേറ്റഡ് സീറ്റ്, ആംബിയന്റ് ലൈറ്റിങ്ങ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്ങ്, കണക്ടഡ് കാർ ഫീച്ചറുകൾ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ്ങ് വീൽ, സൺറൂഫ് തുടങ്ങി ഫീച്ചറുകളുടെ വലിയ നിരയാണ് ഫോക്സ്വാഗൺ ടൈഗൂണിന്റെ അകത്തളത്തിൽ ഒരുങ്ങിയിരിക്കുന്നത്.ഫോക്സ്വാഗണിന്റെ മറ്റ് എസ്.യു.വി. മോഡലുകളായ ടിഗ്വാൻ, ടി-റോക്ക് എന്നിവയുമായി ഡിസൈൻ പങ്കിട്ടാണ് ടൈഗൂണും എത്തിയിട്ടുള്ളത്. ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച ഗ്രില്ലും ബ്ലാക്ക് സ്മോഗ്ഡ് എൽ.ഇ.ഡി. പ്രൊജക്ഷൻ ഹെഡ്ലാമ്പും ഡി.ആർ.എല്ലും, സിൽവർ ആക്സെന്റുകൾ പതിപ്പിച്ച ബമ്പറുമാണ് മുഖഭാവത്തിന് ആഡംബരഭാവം നൽകുന്നത്. പുതുമയുള്ള അലോയി വീലും ക്രോമിയം ആവരണമുള്ള ഡോർ ഹാൻഡിലും വശങ്ങളെ സ്റ്റൈലിഷാക്കുന്നുണ്ട്.113 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ, 147 ബി.എച്ച്.പി. പവറും 250 എൻ.എം. ടോർക്കുമേകുന്ന 1.5 ലിറ്റർ ടി.എസ്.ഐ. എൻജിനിലുമാണ് ടൈഗൂൺ വിപണിയിൽ എത്തുന്നത്.

Related Articles

Back to top button