
ട്വിറ്ററിലെ അക്ഷര പരിമിതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനിയുടെ പുതിയ മേധാവി ഇലോണ്‍ മസ്‌ക്. നിലവില്‍ 280 അക്ഷരങ്ങളാണ് ഒരു ട്വീറ്റില്‍ ടൈപ്പ് ചെയ്യാനാവുക. അക്ഷരപരിമിതി ഒഴിവാക്കുമോ അതോ പരിധി വര്‍ധിപ്പിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്ന് അദ്ദേഹം മറുപടി നല്‍കി. ദൈര്‍ഘ്യമേറിയ ട്വീറ്റുകള്‍ എത്തിക്കുന്നതില്‍ ട്വിറ്റര്‍ ഏറെ വൈകിയെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ട്വിറ്റര്‍ ത്രെഡ് സംവിധാനം പെട്ടെന്ന് തന്നെ ഒഴിവാക്കുമെന്ന് അദ്ദേഹം പറയുന്നു.2017 ലാണ് ട്വീറ്റിലെ അക്ഷര പരിധി 140 ല്‍ നിന്ന് 280 ആക്കി ഉയര്‍ത്തിയത് . വലിയ കുറിപ്പുകള്‍ എഴുതുന്നവര്‍ 280 അക്ഷരങ്ങള്‍ അടങ്ങുന്ന വ്യത്യസ്ത ട്വീറ്റുകളാക്കി ഒരു ത്രെഡില്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. അല്ലാത്തവര്‍ കുറിപ്പ് ഇമേജ് രൂപത്തിലാക്കി പങ്കുവെക്കുന്നു.നിരവധി മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്.