
ഇന്ത്യയിലെ വാഹനങ്ങളുടെ ഉത്സവമായ ഡല്‍ഹി ഓട്ടോ എക്സ്പോ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ല്‍ നടക്കാനൊരുങ്ങുകയാണ്. ഏറെ പകിട്ടോടെ നടക്കുന്ന ഈ ഉത്സവത്തില്‍ ലോകത്തെമ്പാടുമുള്ള വാഹന നിര്‍മാതാക്കള്‍ ഭാവിയില്‍ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന മോഡലുകളും മാതൃകകയും ഈ വേളയിൽ പ്രദര്‍ശനത്തിനെത്തിക്കും.ജനുവരി 13 മുതല്‍ 18 വരെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇത്തവണ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ പലരും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട ടൂവീലര്‍ ഇന്ത്യ തുടങ്ങിയവരാണ് ഓട്ടോ എക്സ്പോയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതുന്ന ഇരുചക്ര വാഹന നിര്‍മാതാക്കള്‍.ഇന്ത്യയിലെ മുന്‍നിര എസ്.യു.വി.നിര്‍മാതാക്കളായ മഹീന്ദ്ര,ഇസുസു, സിട്രോണ്‍, നിസാന്‍, ഫോക്സ്വാഗണ്, സ്കോഡ തുടങ്ങിയ കമ്പനികളുടെ പവലിയനും ഇത്തവണ എക്സ്പോ വേദിയില്‍ ഉയര്‍ന്നേക്കില്ല. പുതിയ മോഡലുകളുടെ അഭാവവും ഉയര്‍ന്ന ചെലവുമാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.എന്നാല്‍, വോള്‍വോ, ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്സസ് തുടങ്ങിയ കമ്പനികളുടെ പുതിയ മോഡലുകള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ വിവധ മോഡലുകള്‍ ഇത്തവണ എക്സ്പോ നഗരിയില്‍ അണിനിരക്കും.ഇവയ്ക്കൊപ്പം എം.ജി. മോട്ടോഴ്സ്, ടൊയോട്ട, കിയ മോട്ടോഴ്സ്, ബില്‍ഡ് യുവല്‍ ഡ്രീംസ് (ബി.വൈ.ഡി) തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളും എക്സ്പോയുടെ മാറ്റുകൂട്ടും. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമെ മുന്‍നിര വാണിജ്യ വാഹന കമ്പനികളും മോഡലുകള്‍ പ്രദര്‍ശനത്തിനെത്തിക്കും.