Auto
Trending

റെഡ് ഡാര്‍ക്ക് എഡിഷന്‍ എസ്.യു.വിയുമായി ടാറ്റ

ടാറ്റ മോട്ടോഴ്‌സിന്റെ ത്രിമൂര്‍ത്തികള്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലുകളാണ് നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവ. ഹിറ്റായ ഈ വാഹനങ്ങളുടെ മറ്റൊരു എഡിഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. റെഡ് ഡാര്‍ക്ക് എഡിഷന്‍ എന്ന പേരില്‍ എത്തിയിട്ടുള്ള ഈ വാഹനത്തെ അലങ്കരിക്കുന്ന കറുപ്പ്-ചുവപ്പ് നിറങ്ങളുടെ കോംമ്പിനേഷനാണെന്നതാണ് പ്രധാന സവിശേഷത. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ നെക്‌സോണും ഡീസല്‍ എന്‍ജിന്‍ ഹാരിയറും ആറ്, ഏഴ് സീറ്റിങ് ഓപ്ഷനുകളില്‍ സഫാരിയുടെയും റെഡ് ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നുണ്ട്. റെഗുലര്‍ മോഡലില്‍ നിന്ന് ലുക്കില്‍ കാര്യമായ മാറ്റംവരുത്തിയാണ് റെഡ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ നിരത്തുകളില്‍ എത്തിയിരിക്കുന്നത്. ഒബ്‌റോണ്‍ ബ്ലാക്ക് ഫിനീഷിങ്ങിലാണ് ബോഡി ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ അങ്ങിങ്ങായി ചുവപ്പ് നിറത്തിലുള്ള ആക്‌സെന്റുകള്‍ നല്‍കിയാണ് എക്സ്റ്റീരിയര്‍ മോടിപിടിപ്പിക്കുന്നത്. ഫെന്‍ഡറില്‍ ഡാര്‍ക്ക് എഡിഷന്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. ബ്രേക്ക് കാലിപ്പറില്‍ റെഡ് നിറം നല്‍കിയിരിക്കുന്ന വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നൽകുന്നു. ഇന്റീരിയറില്‍ ചുവപ്പ് നിറത്തിനാണ് മേല്‍കൈയുള്ളത്. സ്റ്റീല്‍ ബ്ലാക്ക് നിറത്തിലാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ പിയാനോ ബ്ലാക്ക് ആക്‌സെന്റുകളുമുണ്ട്. അതേസമയം, സീറ്റുകള്‍, ആംറെസ്റ്റ് തുടങ്ങിയവ ചുവപ്പ് നിറത്തിലുള്ള ലെതര്‍ ഫിനീഷിങ്ങിലാണ് തീര്‍ത്തിരിക്കുന്നത്. റെഡ് നിറത്തില്‍ തന്നെയാണ് വാഹനത്തിനുള്ളിലെ ആംബിയന്റ് ലൈറ്റുകളും നല്‍കിയിട്ടുള്ളത്. നെക്‌സോണ്‍ റെഡ് ഡാര്‍ക്ക് പെട്രോള്‍ മോഡലിന് 12.35 ലക്ഷവും ഡീസല്‍ മോഡലിന് 13.70 ലക്ഷവുമാണ് വില. ഹാരിയര്‍ റെഡ് ഡാര്‍ക്ക് എഡിഷന് 21.77 ലക്ഷം രൂപ വിലയാകുമ്പോള്‍ സഫാരിയുടെ ഏഴ് സീറ്റര്‍ മോഡലിന് 22.61 ലക്ഷവും ആറ് സീറ്ററിന് 22.71 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Related Articles

Back to top button