Auto
Trending

അങ്കത്തിനൊങ്ങി ഹ്യുണ്ടായി വെര്‍ണ 2023 മോഡൽ

ഇന്ത്യയിലെ സെഡാന്‍ വാഹനങ്ങളുടെ സൗന്ദര്യത്തിന്റെ പര്യായയമായി വിശേഷിപ്പിക്കാവുന്ന വാഹനമാണ് ഹ്യുണ്ടായിയുടെ വെര്‍ണ. വാഹനപ്രേമികളുടെ ഹൃദയം കീഴടക്കുന്ന ഈ വാഹനത്തിന്റെ 2023 മോഡല്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഈ മാസം നിരത്തുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കുന്നതിനൊപ്പം ഡിസൈനും ഫീച്ചറും വെളിപ്പെടുത്തുന്ന സൂചനകളും ഹ്യുണ്ടായി പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഹ്യുണ്ടായി പങ്കുവെച്ച ദൃശ്യങ്ങളില്‍ നിന്നും വാഹനത്തിന്റെ അകത്തളത്തില്‍ വരുത്തിയിട്ടുള്ള പുതുമകളും വെളിപ്പെടുത്തിയിരിക്കുകയാണ്. മാര്‍ച്ച് 21-നായിരിക്കും ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എയറോഡൈനാമിക് ഡിസൈന്‍ ശൈലിയാണ് ഹ്യുണ്ടായി വെര്‍ണയുടെ മുഖമുദ്ര. ഇതില്‍ മാറ്റം വരുത്താതെയാണ് ഇത്തവണത്തെയും മുഖംമിനുക്കല്‍. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും ഒഴിവാക്കി ബമ്പറിനൊപ്പം നല്‍കിയിട്ടുള്ള വലിയ എയര്‍ഡാമാണ് ഗ്രില്ലിന്റെ ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ബമ്പറില്‍ ഒളിപ്പിച്ചുവെച്ച രീതിയിലാണ് ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്. ബോണറ്റിന് താഴെയായി നീളത്തില്‍ ഒരു ലൈറ്റ് സ്ട്രിപ്പും ഇന്റിക്കേറ്ററും നല്‍കിയിട്ടുണ്ട്. ബോണറ്റില്‍ ത്രി ഡി ലോഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്. വശങ്ങളില്‍ നിന്നും പിന്നില്‍ നിന്നുമുള്ള ഡിസൈനിലും ഒരു പ്രീമിയം ടച്ച് തോന്നിപ്പിക്കാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. അലുമിനിയം ഡോര്‍ ഹാന്‍ഡില്‍ ഷാര്‍പ്പ് ആയിട്ടുള്ള ക്യാറക്ടര്‍, ഷോള്‍ഡര്‍ ലൈനുകള്‍, ക്രോമിയം വിന്‍ഡോ ബോര്‍ഡര്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍ എന്നിവയാണ് വശങ്ങളിലുള്ളത്. പിന്‍ഭാഗവും ഏറെ സ്‌റ്റൈലിഷാണ്. ഹാച്ച്ഡോറിലൂടെ നീളുന്ന ലൈറ്റ് സ്ട്രിപ്പുകള്‍ വശങ്ങളിലായി ടെയ്ല്‍ലാമ്പ് എന്നിവയെല്ലാം എല്‍.ഇ.ഡിയിലാണ്. ലൈറ്റിന് മുകളിലായാണ് ബാഡ്ജിങ്ങും നല്‍കിയിട്ടുള്ളത്.

ഇന്റീരിയറിലും കാര്യമായ അഴിച്ചുപണി വരുത്തിയിട്ടുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ രണ്ടും നല്‍കിയിട്ടുള്ള ഡ്യുവല്‍ സ്‌ക്രീന്‍, കണക്ടിവിറ്റി സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍നിര യാത്രക്കായും നല്‍കിയിട്ടുള്ള എ.സി. വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, ആഡംബര ഭാവമുള്ള ലെതര്‍ സീറ്റുകള്‍, സ്പോര്‍ട്ടി സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തിലെ ഹൈലൈറ്റ്. ഡീസല്‍ എന്‍ജിനും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും വെര്‍ണയില്‍ നിന്നും നീക്കിയതാണ് മറ്റൊരു പ്രത്യേകത. 1.5 ലിറ്റര്‍ പെട്രോൾ എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുന്നത്. 115 പി.എസ്. പവറും 144 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍.എ. എന്‍ജിനും, 160 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്.

Related Articles

Back to top button