Auto
Trending

ന്യൂജെന്‍ സെലേറിയോക്കായി ആളുകള്‍ ക്യൂവില്‍

ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് മാരുതിയുടെ പുതുതലമുറ സെലേറിയോ. പുറത്തിറങ്ങി 30 ദിവസം പിന്നിട്ടതോടെ 15,000 ആളുകളാണ് ഈ ഹാച്ച്ബാക്ക് ബുക്കുചെയ്ത് കാത്തിരിക്കുന്നത്. സെലേറിയോ സ്വന്തമാക്കാൻ ആളുകൾ ഇരച്ചെത്തിയതോടെ ബുക്കിങ്ങ് കാലാവധി ഉയർത്താൻ നിർമാതാക്കൾ നിർബന്ധിതരായിരിക്കുകയാണ്. 12 ആഴ്ച വരെയാണ് സെലേറിയോയുടെ ബുക്കിങ്ങ് എന്നാണ് പുതിയ റിപ്പോർട്ട്.മുൻതലമുറ സെലേറിയോയിക്ക് ലഭിച്ചിരുന്ന ബുക്കിങ്ങുമായി തട്ടിച്ച് നോക്കുമ്പോൾ വലിയ സ്വീകാര്യതയാണ് പുതിയ മോഡലിന് ലഭിക്കുന്നതെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. മുൻ മോഡലിന് പ്രതിമാസം 5000 മുതൽ 6000 വരെ ബുക്കിങ്ങ് ലഭിച്ചിരുന്ന സ്ഥാനത്താണ് പുതിയ മോഡലിന് ആദ്യമാസം തന്നെ 15,000 ബുക്കിങ്ങ് ലഭിച്ചിരിക്കുന്നതെന്നും മാരുതി പറയുന്നു. ഇക്കഴിഞ്ഞ നവംബർ രണ്ടിനാണ് പുതുതലമുറ സെലേറിയോയുടെ ബുക്കിങ്ങ് ആരംഭിച്ചത്. LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സെലേറിയോ എത്തിയിട്ടുള്ളത്. 4.99 ലക്ഷം രൂപ മുതൽ 6.94 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.1.0 ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 67 ബി.എച്ച്.പി. പവറും 89 എൻ.എം.ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. LXi ഒഴികെയുള്ള മൂന്ന് വേരിയന്റുകളിലും ഓപ്ഷണലായി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഒരുക്കുന്നുണ്ട്. അടിസ്ഥാന വേരിയന്റിൽ മാനുവൽ ട്രാൻസ്മിഷനാണുള്ളത്.ഒരു ലിറ്റർ പെട്രോളിന് 27 കിലോമീറ്റർ മൈലേജ്, വാഹന വില ആരംഭിക്കുന്നതോ അഞ്ച് ലക്ഷം രൂപയിലും താഴെ. ഇന്ത്യൻ വാഹന വിപണിയിൽ ഒരു മോഡൽ ഹിറ്റാകാൻ വേറെയൊന്നും വേണ്ട.മുകളിൽ പറഞ്ഞ രണ്ട് സവിശേഷതകൾക്കൊപ്പം അകത്തളം നിറയുന്ന ഫീച്ചറുകളും മനം നിറയ്ക്കുന്ന സൗന്ദര്യവും ശക്തമായ സുരക്ഷയും സെലേറിയോയുടെ കൈമുതലാണ്.

Related Articles

Back to top button