Auto
Trending

4000 കോടിയുടെ ഇ.വി. പദ്ധതിയുമായി ഹ്യുണ്ടായി

ഹ്യുണ്ടായി ഇലക്ട്രിക് വാഹനങ്ങളിലും ചുവടുറപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 2028-നുള്ളിൽ ഇന്ത്യയിൽ ആറ് ഇലക്ട്രിക് വാഹന മോഡലുകൾ അവതരിപ്പിക്കുമെന്നാണ് ഹ്യുണ്ടായി ഉറപ്പുനൽകിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി 4000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും ഹ്യുണ്ടായി അറിയിച്ചു.ഇ-ജി.എം.പി. എന്ന പേരിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് (ബി.ഇ.വി) മാത്രമായി ഒരു പ്ലാറ്റ്ഫോമിന്റെ നിർമാണവും ഹ്യുണ്ടായിയുടെ പദ്ധതിയിലുണ്ട്. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ ഇലക്ട്രിക് വാഹനങ്ങൾ എത്തുക. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിനും രൂപകൽപനയ്ക്കുമായി ഹ്യുണ്ടായിയുടെ റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് വിഭാഗത്തിന്റെ വികസനത്തിനായുമാണ് 4000 കോടി രൂപയുടെ നിക്ഷേപം നടത്തുകയെന്നാണ് അറിയിച്ചിട്ടുള്ളത്.ഇന്ത്യയിലെ സാധാരണ ഉപയോക്താക്കൾക്കായും പ്രീമിയം വാഹന ഉപയോക്താക്കൾക്കായും ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുമെന്നാണ് ഹ്യുണ്ടായി നൽകുന്ന സൂചന. എസ്.യു.വി. ഹാച്ച്ബാക്ക് തുടങ്ങി വ്യത്യസ്ത ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും ഹ്യുണ്ടായിയുടെ പദ്ധതിയിലുണ്ട്. വാഹനങ്ങൾ എത്തിക്കുന്നതിനൊപ്പം ഇ-വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ചാർജിങ്ങ് സംവിധാനം, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയവയും ഒരുങ്ങിയേക്കും.ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമാണ് ഹ്യുണ്ടായി വികസിപ്പിക്കുന്നത്. ഈ പ്ലാറ്റ്ഫോമിൽ ബാറ്ററി, ഇലക്ട്രിക് മോട്ടോർ, പവർ ഇലക്ട്രിക് സിസ്റ്റം തുടങ്ങിയവ നൽകിയിട്ടുള്ള ഷാസിയും ഉൾപ്പെടുന്നുണ്ട്. പല ഡിസൈനിലുള്ള ബോഡികളും കൂടുതൽ വലിപ്പമുള്ള ബാറ്ററികളും ഉൾക്കൊള്ളാനുള്ള ശേഷി ഈ പ്ലാറ്റ്ഫോമിനുണ്ടെന്നാണ് നിർമാതാക്കൾ സൂചിപ്പിക്കുന്നത്. ഫ്ളാറ്റ് ഫ്ളോർ, സ്ലിം കോക്പിറ്റ്, സ്പേഷ്യസ് ആയിട്ടുള്ള ക്യാബിൻ എന്നിവയും ഈ പ്ലാറ്റ്ഫോം ഉറപ്പാക്കും.പ്രീമിയം വിഭാഗത്തിലെ ആദ്യവാഹനം അടുത്തവർഷമാദ്യം നിരത്തിലെത്തുമെന്ന് ഹ്യുണ്ടായ് ഇന്ത്യ മാനേജിങ് ഡയറക്ടർ എസ്.എസ്. കിം വെളിപ്പെടുത്തി. ഇന്ത്യയിൽ വൈദ്യുതവാഹനങ്ങളിലേക്കുള്ള മാറ്റം അതിവേഗം നടന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിലരാജ്യങ്ങളിൽ വാഹനവിൽപ്പനയുടെ അഞ്ചിലൊന്നും വൈദ്യുതവാഹനങ്ങളിലേക്കു മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിപണിയിലെ മാറ്റം ഉൾക്കൊള്ളാൻ ഹ്യുണ്ടായിയും തയ്യാറായിരിക്കുന്നത്.

Related Articles

Back to top button