Tech
Trending

ക്ലബ്ഹൗസിന് പുതിയ എതിരാളിയായി സ്പോട്ടിഫൈ ഗ്രീൻറൂം

അടുത്തിടെയാണ് ക്ലബ്ഹൗസ് ആപ്പ് മലയാളികളുടെ സ്മാർട്ട്ഫോണുകളിൽ ഇടം പിടിച്ചത്. മെയ് മാസത്തിൽ ക്ലബ്ഹൗസിന്റെ ആൻഡ്രോയിഡ് പതിപ്പ് എത്തിയതോടെയാണ് ആപ്പ് ജനകീയമായത്. ക്ലബ്ഹൗസിൻ്റെ വളർച്ച പല ടെക് കമ്പനികളെയും ബദലുകൾ വിപണിയിലിറക്കാൻ നിർബന്ധിതരാക്കി.ട്വിറ്ററിന്റെ സ്‌പെയ്‌സെസ്, റെഡ്‌ഡിറ്റ് ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച റെഡ്‌ഡിറ്റ് ടോക്, ഡിസ്‌കോർഡിന്റെ സ്റ്റേജ് ചാനൽസ് എന്നിവ കൂടാതെ തനി ഇന്ത്യൻ ആപ്പുകളായ ഫയർസൈഡ്, ലെഹെർ എന്നിവയും മത്സരത്തിലുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ താരമാണ് സ്പോട്ടിഫൈ ഗ്രീൻറൂം. പേര് സൂചിപ്പിക്കും പോലെ ഓഡിയോ സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ ആണ് ഗ്രീൻറൂമിന് പിന്നിൽ.


ഈ വർഷം മാർച്ചിൽ ബെറ്റി ലാബ്‌സിന്റെ ലോക്കർ റൂം ആപ്പിനെ സ്പോട്ടിഫൈ ഏറ്റെടുത്തിരുന്നു. ഈ ആപ്പിനെയാണ് കെട്ടിലും മട്ടിലും മാറ്റം വരുത്തി സ്പോട്ടിഫൈയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ പശ്ചാത്തലവും ചേർത്ത് ഗ്രീൻറൂം എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്.ക്ലബ്ഹൗസിന് ഏറെക്കുറെ സമാനമായ ഹോംപേജും ഇന്റർഫെയ്‌സുമാണ് സ്പോട്ടിഫൈ ഗ്രീൻറൂമിലും. സെലിബ്രിറ്റി ന്യൂസ്, കോമഡി തുടങ്ങിയ നിരവധി വിഷയങ്ങൾ ഇപ്പോൾ തന്നെ സ്പോട്ടിഫൈ ഗ്രീൻറൂമിൽ ലഭ്യമാണ്. സംഗീതം, സംസ്കാരം തുടങ്ങിയ നിരവധി വിഷയങ്ങളിൽ തത്സമയ സംവാദങ്ങൾ ഉടൻ സ്പോട്ടിഫൈ ഗ്രീൻറൂമിൽ ആരംഭിക്കും. ഇതുകൂടാതെ പ്രൊഫഷണൽ അത്‌ലറ്റുകൾ, എഴുത്തുകാർ, സംഗീതജ്ഞർ, ഗാനരചയിതാക്കൾ, പോഡ്‌കാസ്റ്റർ‌മാർ‌ എന്നിവരുമായുള്ള സംവാദങ്ങൾ ഉടൻ ഗ്രീൻറൂമിൽ ലഭ്യമാവും എന്ന് സ്പോട്ടിഫൈ വ്യക്തമാക്കി. ക്ലബ്ഹൗസിൽ നിന്നും വ്യത്യസ്തമായി സ്‌പോട്ടിഫൈ ഗ്രീൻറൂം ചർച്ചകൾ റെക്കോർഡ് ചെയ്യാനും സാധിക്കും.സ്‌പോട്ടിഫൈ ലോഗിൻ ഉള്ള ഏതൊരു വ്യക്തിക്കും ഗ്രീൻറൂം ആപ്പും ഉപയോഗിക്കാം. ഇതിനായി പ്രത്യേക ലോഗിൻ ആവശ്യമില്ല. അടിസ്ഥാന വിവരങ്ങളും ഫോൺ നമ്പറും നൽകി ക്ലബ്ഹൗസ് പ്രവർത്തിപ്പിക്കുന്നതുപോലെ സ്പോട്ടിഫൈ ഗ്രീൻറൂം പ്രവർത്തിപ്പിക്കാം.135ൽ അധികം വിപണികളിലേക്കാണ് സ്‌പോട്ടിഫൈ ഗ്രീൻറൂം ലോഞ്ച് ചെയ്തിരിക്കുന്നത്.

Related Articles

Back to top button