
എന്‍യാക് എന്ന ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് കഴിഞ്ഞ വര്‍ഷമാണ് സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ വാഹനത്തിന്റെ അല്‍പ്പം കൂടി കരുത്ത് ഉയര്‍ത്തിയാണ് എന്‍യാക് ആര്‍,എസ്. ഐ.വി. പതിപ്പ് സ്‌കോഡ പുറത്തിറക്കുന്നത്. ഇരട്ട മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനം 295 ബി.എച്ച്.പി. പവറും 460 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷനാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. 20 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. എന്നാല്‍, 21 ഇഞ്ച് വലിപ്പമുള്ള ടയറും ഇതില്‍ നല്‍കാന്‍ സാധിക്കും.
130 എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള തിളങ്ങുന്ന ഗ്രില്ലാണ് റെഗുലര്‍ എന്‍യാക്കില്‍ നല്‍കിയിരുന്നത്. ആര്‍.എസിലും ഇത് സ്ഥാനം പിടിച്ചേക്കും. ഷാര്‍പ്പ് ഡിസൈനിലുള്ള എല്‍.ഇ.ഡി ഹെഡ്ലാമ്പ്, റേസര്‍ ഷാര്‍പ്പ് ഡിസൈനിലുള്ള സ്പോര്‍ട്സ് എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ് എന്നിവയും ഇതില്‍ നല്‍കും. റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിനായി ബംമ്പര്‍, ഗ്രില്ല്, മിറര്‍ ക്യാപ്, റുഫ് റെയില്‍സ് തുടങ്ങിയവയില്‍ ബ്ലാക്ക് നിറത്തില്‍ അലങ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.റെഗുലര്‍ എന്‍യാക്കില്‍ നല്‍കിയതിന് സമാനമായാണ് ഈ മോഡലിന്റെയും അകത്തളം ഒരുങ്ങുക. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെര്‍ച്വൽ കോക്പിറ്റ് സംവിധാനം, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ എന്‍യാക്കില്‍ നിന്ന് കടംകൊണ്ടവയാണ്. എന്നാല്‍, ബോഡി കളറിലുള്ള ആക്‌സെന്റുകള്‍ നല്‍കിയായിരിക്കും അകത്തളത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കുക. ആഡംബര ഭാവത്തിലാണ് സീറ്റുകളും നല്‍കുക.