Auto
Trending

റോൾസ് റോയിസും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കുന്നു

ലോകത്തിലെ തന്നെ ആഡംബര വാഹനങ്ങളിലെ അതികായനായ റോൾസ് റോയിസും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവയ്ക്കുന്നു. റോൾസ് റോയിസിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനത്തിന് സ്പെക്ടർ എന്ന പേര് നൽകുമെന്ന് നിർമാതാക്കൾ അറിയിച്ചു. ആദ്യ ഇലക്ട്രിക് വാഹനം 2023-ൽ നിരത്തുകളിൽ എത്തുമെന്നും 2030-ഓടെ റോൾസ് റോയിസ് വാഹന നിര പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്നും നിർമാതാക്കൾ ഉറപ്പുനൽകി. രണ്ട് ദിവസം മുമ്പാണ് ഇ.വി. സംബന്ധിച്ച സൂചന റോൾസ് റോയിസ് വെളിപ്പെടുത്തിയത്.റോൾസ് റോയിസിൽ നിന്ന് വിപണിയിൽ എത്തിയിട്ടുള്ള ഫാന്റം, ഗോസ്റ്റ്, കള്ളിനൻ തുടങ്ങിയ വാഹനങ്ങൾക്ക് അടിസ്ഥാനമൊരുക്കുന്ന അലുമിനിയം സ്പേസ് ഫ്രെയിം ആർക്കിടെക്ചറിലായിരിക്കും സ്പെക്ടറും ഒരുങ്ങുക. പ്ലാറ്റ്ഫോമും പൂർണമായും റോൾസ് റോയിസിന്റേതായിരിക്കും. 2.5 മില്ല്യൺ കിലോമീറ്റർ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ വാഹനം വിപണിയിൽ എത്തിക്കുക. ഇത് ഒരു റെഗുലർ റോൾസ് റോയിസ് 400 വർഷം ഓടുന്നതിന് തുല്യമാണെന്നാണ് നിർമാതാക്കൾ അഭിപ്രായപ്പെടുന്നത്.കൂപ്പെ മാതൃകയിൽ റോൾസ് റോയിസ് റെയ്ത്തിന് സമാനമായ ഡിസൈനിലായിരിക്കും സ്പെക്ടർ ഒരുങ്ങുകയെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. റോൾസ് റോയിസ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും മികച്ച മെറ്റീരിയലുകളും കൂടുതൽ റേഞ്ച് ഉറപ്പാക്കുന്നതിനായി എയറോഡൈനാമിക് വീലുകളുമായിരിക്കും ഈ വാഹനത്തിൽ നൽകുക. ബി.എം.ഡബ്ല്യുവിൽ നിന്നുള്ള ഏറ്റവും ആധുനികമായ ബാറ്ററി മാനേജ്മെന്റ് സിസ്റ്റമായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് റോൾസ് റോയിസ് മേധാവി അറിയിച്ചിരിക്കുന്നത്.ഇപ്പോൾ പുറത്തിറക്കിയിട്ടുള്ള സ്പെക്ടർ കേവലം ഒരു പ്രോട്ടോടൈപ്പ് മാത്രമല്ല, യാഥാർഥ വാഹനമാണ്. ഇത് 2023-ന്റെ അവസാവത്തോടെ ഉപയോക്താക്കൾക്ക് കൈമാറാൻ സാധിക്കും. ആദ്യ വാഹനം ശബ്ദമില്ലാത്തതും ക്ലീൻ വാഹനവുമായിരിക്കും. എന്നാൽ, രണ്ടാമതായി എത്തുന്ന ഇലക്ട്രിക് മോഡൽ റോൾസ് റോയിസിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട മോഡലായിരിക്കും. ഇലക്ട്രിക് വാഹന മേഖളയിൽ സ്പെക്ടർ പുതിയ മാറ്റങ്ങൾ വരുത്തുമെന്നും റോൾസ് റോയിസ് മേധാവി ടോർസ്റ്റൺ മുള്ളർ ഒക്ട്വോസ് പറഞ്ഞു.വരാനിരിക്കുന്നത് റോൾസ് റോയിസിന്റെ ആദ്യ ഇലക്ട്രിക് മോഡൽ ആണെങ്കിലും മുമ്പ് രണ്ട് തവണ കമ്പനി ഇലക്ട്രിക് വാഹന കൺസെപ്റ്റുകൾ പുറത്തിറക്കിയിരുന്നു. 2011-ൽ 102 EX എന്ന കോഡ് നാമത്തിൽ നിർമിച്ച ഫാന്റം എക്സ്പിരിമെന്റൽ ഇലക്ട്രിക് ആയിരുന്നു ആദ്യത്തെ ഇലക്ട്രിക് മോഡൽ. പിന്നീട് 2016-ൽ റോൾസ് റോയിസ് 103EX എന്ന കോഡ് നെയിമിൽ റോൾസ് റോയിസ് വിഷൻ നെക്സ്റ്റ് 100 എന്ന മോഡലും പുറത്തിറക്കിയിരുന്നു. ഇവ രണ്ടും പ്രൊഡക്ഷന് ഉദ്ദേശിച്ചായിരുന്നില്ല നിർമിച്ചതെന്നും കമ്പനി അറിയിച്ചിരുന്നു.

Related Articles

Back to top button