Auto
Trending

ഇന്നുമുതൽ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും

സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ ഇന്നുമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്. ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടികൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സഹായം നല്‍കും. റോഡിലെ നിയമലംഘനങ്ങള്‍ കുറച്ച് അതുവഴി അപകടങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി. അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളില്‍ നിന്ന് പിഴവന്നാല്‍ അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്യാമറ ഇതിനോടകം തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.

Related Articles

Back to top button