Auto
Trending

ഇന്ത്യന്‍ നിരത്തുകളോട് വിട പറയാനൊരുങ്ങി ഡാറ്റ്‌സണ്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ ചുവടുപിടിച്ചാണ് സഹോദര സ്ഥാപനമായ ഡാറ്റ്‌സണും ഇന്ത്യയില്‍ എത്തുന്നത്. ഗോ, ഗോ പ്ലസ്, റെഡി ഗോ എന്നീ മൂന്ന് വാഹനങ്ങളും തരക്കേടില്ലാത്ത സ്വീകാര്യതയും നിരത്തുകളില്‍ നേടിയിരുന്നു.ഒടുവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഒരു പതിറ്റാണ്ട് തികയ്ക്കാതെ വിടപറയാനൊരുങ്ങുകയാണ് ഡാറ്റ്‌സണ്‍.ഡാറ്റ്‌സണ്‍ ബ്രാന്റ് ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന് നിസാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ നടന്നുവന്നിരുന്ന റെഡി-ഗോ പ്രൊഡക്ഷന്‍ അവസാനിപ്പിക്കുകയാണെന്നാണ് നിസാന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇന്ത്യക്ക് പുറമെ, റഷ്യ, ഇൻഡൊനീഷ്യ തുടങ്ങിയ വിപണിയില്‍ നിന്ന് 2020-ല്‍ തന്നെ ഡാറ്റ്‌സണ്‍ വാഹനങ്ങള്‍ പിന്‍വലിച്ചിരുന്നു.നിസാന്റെ ആഗോള ബിസിനസ് സ്ട്രാറ്റജി അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഏറ്റവും ലാഭകരമായ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ചെന്നൈയിലെ നിസാന്‍ പ്ലാന്റിലെ റെഡി-ഗോ ഉത്പാദനം അവസാനിപ്പിക്കുകയാണ്. എന്നാല്‍, ഈ വാഹനത്തിന്റെ വില്‍പ്പന തുടരുന്നുണ്ടെന്നും ഭാവിയിലും ഡാറ്റ്‌സണ്‍ വാഹനങ്ങളുടെ ഉപയോക്താക്കള്‍ക്ക് സര്‍വീസ് ഉള്‍പ്പെടെയുള്ള വില്‍പ്പനാനന്തര സേവനങ്ങള്‍ ഉറപ്പാക്കുമെന്നും നിസാന്‍ അറിയിച്ചു.2013 ജൂലൈ മാസത്തിലാണ് ഡാറ്റ്‌സന്റെ ആദ്യം വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഡാറ്റ്‌സണ്‍ ഗോ എന്ന ഹാച്ച്ബാക്കുമായായിരുന്നു ഇവരുടെ വിപണി പ്രവേശനം.ആകര്‍ഷകമായ രൂപത്തിനൊപ്പം താരതമ്യേന കുറഞ്ഞ വിലയിലും എത്തിയതോടെ ഗോ സ്വീകരിക്കപ്പെടുകയായിരുന്നു. അതിനുശേഷം ഈ വാഹനത്തെ അടിസ്ഥാനമാക്കി ഗോ പ്ലസ് എന്ന ഏഴ് സീറ്റര്‍ എം.പി.വിയുടെ ഡാറ്റ്‌സണില്‍ നിന്ന് എത്തുകയായിരുന്നു. 2016-ല്‍ റെഡി ഗോ എന്ന കുഞ്ഞന്‍ ഹാച്ച്ബാക്കും ഒരുങ്ങി.എന്നാല്‍, 2018-ന്റെ അവസാനത്തോടെ ഗോ ഹാച്ച്ബാക്ക്, ഗോ പ്ലസ് എം.പി.വി. എന്നിവയുടെ വില്‍പ്പന ഇടിഞ്ഞു തുടങ്ങി. അതേസമയം, സൗത്ത് ആഫ്രിക്കന്‍ വിപണികളില്‍ ഇത്തരം വാഹനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയില്‍ നിന്ന് ഈ വാഹനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യയില്‍ വിപണിയില്‍ റെഡി-ഗോ മാത്രമായി വില്‍പ്പന തുടര്‍ന്നിരുന്നെങ്കിലും 2021-ലെ കണക്ക് അനുസരിച്ച് ആകെ വിറ്റഴിച്ചത് 4000 യൂണിറ്റ് മാത്രമാണ്. ഇതോടെയാണ് നിരത്തൊഴിയാന്‍ തീരുമാനിച്ചത്.

Related Articles

Back to top button