Auto
Trending

ചിപ്പ് ക്ഷാമം രൂക്ഷം:വാഹനങ്ങളുടെ ഉത്പാദനം കുറയ്ക്കാനൊരുങ്ങി വാഹന നിര്‍മാതാക്കള്‍

കോവിഡ് വ്യാപനം ലോകത്താകമാനമുള്ള വാഹന വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പുതുതലമുറ വാഹനങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകളുടെ ലഭ്യത കുറഞ്ഞതാണ് വാഹന നിർമാണം കുറയ്ക്കാൻ നിർമാതാക്കളെ നിർബന്ധിതരാക്കിയിരിക്കുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ തന്നെ ചിപ്പ് ക്ഷാമം രൂക്ഷമാണെന്നും ഇത് വാഹന നിർമാണത്തെ ബാധിക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.


പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആഗോള വാഹന നിർമാതാക്കളായ നിസാൻ മോട്ടോഴ്സ്, സുസുക്കി തുടങ്ങിയവ ജൂണിൽ വാഹന നിർമാണം കുറയ്ക്കുമെന്നാണ് അറിയുന്നത്. ജൂൺ 24,25,28 തുടങ്ങിയ ദിവസങ്ങളിൽ നിസാന്റെ ജപ്പാനിലെ രണ്ട് പ്ലാന്റുകൾ അടച്ചിടുമെന്നാണ് സൂചന. നിസാന്റെ മെക്സികോയിലെ പ്ലാന്റിൽ നിർമിക്കുന്ന ഏതാനും വാഹനങ്ങളുടെ നിർമാണവും നിർത്തിവയ്ക്കേണ്ട സാഹചര്യമാണുള്ളത്.ഈ തീരുമാനമാണ് സുസുക്കിയും സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന. വിവിധ പ്രദേശങ്ങളിലുള്ള സുസുക്കി പ്ലാന്റുകൾ മൂന്ന് മുതൽ ഒമ്പത് ദിവസം വരെ അടച്ചിട്ടേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സുസുക്കി, നിസാൻ എന്നീ കമ്പനികൾക്ക് പുറമെ, ജാപ്പനീസ് വാഹന നിർമാതാക്കളായ മിസ്തുബിഷിയും വാഹനങ്ങളുടെ നിർമാണം കുറയ്ക്കുമെന്നാണ് സൂചന. ജപ്പാൻ, തായ്ലൻഡ്, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിലെ അഞ്ച് പ്ലാന്റുകളിൽ ജൂണിലെ ഉത്പാദനത്തിൽ 30000 വാഹനങ്ങൾ കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനത്തെയും ഇത് ബാധിക്കുമെന്നാണ് ആശങ്ക.ആഗോള തലത്തിൽ ചിപ്പ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പരിഹരിച്ചാൽ വാഹനം നിർമാണം പൂർവ്വസ്ഥിതിയിലാകും.

Related Articles

Back to top button