Tech
Trending

ആൻഡ്രോയ്ഡ് 12 ബീറ്റ പതിപ്പ് എത്തി

സ്വകാര്യതയിൽ ഉപയോക്താവിന് കൂടുതൽ നിയന്ത്രണങ്ങൾ നൽകിക്കൊണ്ടും ഡിസൈനിൽ നവീനമായ ശൈലികൾ ഉൾപ്പെടുത്തിയും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ഗൂഗിൾ അവതരിപ്പിച്ചു. സാങ്കേതിക സൗകര്യങ്ങളുള്ള ഫോണുകളിൽ ആൻഡ്രോയ്ഡ് 12 ബീറ്റ പതിപ്പ് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പിനു ശേഷം ഒഎസിൽ സമൂലമായ ഡിസൈൻ പരിഷ്കാരം ഇതാദ്യമാണ്. യൂസർ ഇന്റർ‌ഫെയ്സിലെ പുതുമകൾ ഉപയോക്തൃസൗഹൃദമാണ്. ഗൂഗിൾ പിക്സൽ, വൺ പ്ലസ്, ഷഓമി, വിവോ ഫോണുകളുടെ യോഗ്യമായ മോഡലുകൾക്കാണ് ഒഎസിന്റെ ബീറ്റ പതിപ്പ് ഇപ്പോൾ ലഭിക്കുന്നത്. മറ്റു മോഡലുകൾക്ക് സെപ്റ്റംബറിനു ശേഷം ലഭ്യമാവും.


ആൻഡ്രോയ്ഡ് 5 ലോലിപോപ്പിൽ ഗൂഗിൾ അവതരിപ്പിച്ച ലളിതമായ ഡിസൈൻ ശൈലിയായിരുന്നു മെറ്റീരിയൽ. ഓരോരുത്തർക്കും വ്യക്തിഗത ഡിസൈൻ സ്വീകരിക്കാൻ അവസരം നൽകുന്നതാണ് ഈ പതിപ്പിലെ മെറ്റീരിയൽ യു. പുതിയ ഡിസൈൻ പഴയതിനെക്കാൾ 22% വേഗമേറിയതെന്നു ഗൂഗിൾ പറയുന്നു.ഈ പുത്തൻ പതിപ്പിലൂടെ ആൻഡ്രോയ്ഡ് ഒഎസിന്റെ ചരിത്രത്തിലാദ്യമായി തീമുകൾ തിരഞ്ഞെടുക്കാൻ അവസരം. ഇതുവരെ ലൈറ്റ്, ഡാർക്ക് മോഡുകൾ മാത്രമാണുണ്ടായിരുന്നത്. ഡിസൈൻ പാലറ്റിൽ പുതിയ നിറങ്ങളും വരുന്നു. പുതിയ ലോക്സ്ക്രീനും വിജറ്റുകളും ഫോണിലെ വോൾപേപ്പറുകളുടെ നിറങ്ങൾക്കനുസരിച്ചു തീമുകൾ മാറ്റാനുള്ള കളർ എക്സ്ട്രാക്‌ഷൻ സംവിധാനവുമുണ്ട്. ആൻഡ്രോയ്ഡ് ക്യാമറ എവിഐഎഫ് (AVIF) എന്ന പുതിയ ഫോർമാറ്റ് കൂടി ഇനി പിന്തുണയ്ക്കും. ജെപെഗ് (JPEG) പോലെ ഫയൽ സൈസ് കുറവാണെങ്കിലും അതിനെക്കാൾ ചിത്രങ്ങൾക്കു നിലവാരം ഉണ്ടാകും.

Related Articles

Back to top button