
മുന്‍നിര ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു.ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് യു.കെയിലാണ്. 2022ലെ സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരെയാണ് നെറ്റ്ഫ്ളിക്സിന് യു.കെയില്‍ നിന്നുമാത്രം നഷ്ടമായത്. 2023 ല്‍ രണ്ട് ലക്ഷം സബ്സ്ക്രൈബര്മാരെക്കൂടി നഷ്ടമാകുമെന്നാണ് അനാലിസിസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് നെറ്റ്ഫ്ളിക്സ്. പാസ്വേര്ഡ് ഷെയറിങ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഒ.ടി.ടി ഭീമന്. ഒരു സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവരുടെ എണ്ണത്തിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും അക്കൗണ്ട് പാസ് വേഡ് പങ്കുവെക്കുന്നവരെ ഇതുവരെ നെറ്റ്ഫ്ളിക്സ് പൂര്‍ണമായി നിയന്ത്രിച്ചിട്ടില്ലായിരുന്നു. ഇനിമുതല്‍ സ്വന്തം വീട്ടിലുള്ളവര്‍ അല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നത് നിര്‍ത്തലാക്കാന്‍ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അധികം വൈകാതെ തന്നെ ഇത് പ്രാബല്യത്തില്‍ വന്നേക്കും. കൂടാതെ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷന് പ്ലാനുകളും അവതരിപ്പിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര് കൂടുതല്‍ സബ്സ്ക്രൈബര്‍മാരെ ആകര്‍ഷിച്ചുകൊണ്ട് മുന്നേറുകയാണ്.