Auto
Trending

ഫെറാരിക്ക് 75-ാം പിറന്നാൾ:ആഘോഷമായി പ്രത്യേക ലോഗോ

പ്രത്യേക ലോഗോയുമായി 75-ാം വാർഷികം ആഘോഷിക്കാൻ ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി തയാറെടുക്കുന്നു. മുക്കാൽ നൂറ്റാണ്ടിന്റെ പ്രൗഢചരിത്രം വിളംബരം ചെയ്യുന്ന ലോഗോയിലേക്കുള്ള വഴി വിശദീകരിക്കുന്ന പ്രത്യേക വിഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.ഏഴര പതിറ്റാണ്ടു മുമ്പ് 1947ൽ എൻസോ ഫെറാരി, കാർ നിർമാണമേഖലയിൽ പ്രവേശിച്ചതിന്റെ വാർഷികമാണ് ഫെറാരി ആഘോഷിക്കുന്നത്. രേഖകൾ പ്രകാരം 1940ൽ തന്നെ എൻസോ ഫെറാരി ആദ്യ കാർ നിർമിച്ചിരുന്നു; ഓട്ടോ അവിയൊ കോസ്ട്രുസിയൊനി 815 എന്നായിരുന്നു കാറിനു പേര്. എന്നാൽ ഏഴു വർഷത്തിനു ശേഷം 1947ലായിരുന്നു റേസ് കാറായ 125 എസിന്റെ വരവ്. ഫെറാരിയുടെ മുദ്ര പതിച്ച് ആദ്യമായി നിരത്തിലെത്തുന്ന കാറും ഇതുതന്നെ.പുതുവർഷത്തിനു ദിവസങ്ങൾ ബാക്കിനിൽക്കെയാണു ഫെറാരി 75-ാം വാർഷികാഘോഷത്തിന്റെ ലോഗോ പുറത്തിറക്കിയത്. ഫെറാരിയെ സംബന്ധിച്ചിടത്തോളം കാർ നിർമാതാക്കളെന്ന നിലയിലും മോട്ടോർ സ്പോർട്സിലെ മത്സരാർഥികളെന്ന നിലയിലും 2022 നിർണായക വർഷമാവുമെന്നാണു വിലയിരുത്തൽ.പുതിയ നിബന്ധനകളും വ്യവസ്ഥകളും പ്രാബല്യത്തിലെത്തുന്നതോടെ കൂടുതൽ മത്സരക്ഷമമായ ഫോർമുല വൺ പുറത്തിറക്കുകയാവും സ്കുഡേറിയ ഫെറാരി നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ പല സീസണുകളായി മെഴ്സീഡിസിന്റെയും റെഡ് ബുള്ളിന്റെയും തകർപ്പൻ പ്രകടനത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വിയർക്കുന്ന ‘ഫെറാരി’കളെയാണു റേസ് ട്രാക്കുകളിൽ കാണാറുള്ളത്.സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗത്തിൽ മുന്തിയ മോഡലുകളോടുള്ള ആഭിമുഖ്യം മുതലെടുക്കാൻ ലക്ഷ്യമിടുന്ന പുരോസാംഗ് എസ് യു വി അവതരണത്തിനുള്ള തയാറെടുപ്പിലാണു ഫെറാരി. ഒപ്പം 296 ജി ടി ബിയുടെ കൺവെർട്ടബ്ൾ പതിപ്പും 2022ൽ ഫെറാരി വിൽപ്പനയ്ക്കെത്തിക്കും. കൂപ്പെയിലെ പ്ലഗ് ഇൻ ഹൈബ്രിഡ് വി സിക്സ് എൻജിൻ നിലനിർത്തി, ജി ടി എസ് എന്ന പേരോടെയാവും കൺവെർട്ടബ്ളിന്റെ വരവ്. ഇതിനു പുറമെ ‘812 കോംപെറ്റീസ’നെ വെല്ലാനായി കൂടുതൽ കരുത്തുള്ള, നാച്ചുറലി ആസ്പിറേറ്റഡ് വി 12 എൻജിൻ അവതരിപ്പിക്കാനും ഫെറാരിക്കു പദ്ധതിയുണ്ട്. നിലവിൽ 830 ബി എച്ച് പിയോളം കരുത്താണു കാറിലെ എൻജിൻ സൃഷ്ടിക്കുന്നത്. പുതിയ എൻജിൻ ഘടിപ്പിച്ച ‘കോപറ്റീസൻ’ 2022ൽ അനാവരണം ചെയ്യുമെങ്കിലും കാർ അടുത്ത വർഷം തന്നെ വിൽപ്പനയ്ക്കെത്തുമെന്ന് ഉറപ്പില്ല.

Related Articles

Back to top button