
വായ്പാ ആവശ്യത്തില്‍ കുതിപ്പുണ്ടായതോടെ പണലഭ്യതാ ഭീതിയില്‍ ബാങ്കുകള്‍. പണപ്പെരുപ്പത്തെ ചെറുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിപണിയിലെ അധിക പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുത്തതും ബാങ്കുകളെ ബാധിച്ചു. അതോടൊപ്പം വേണ്ടത്ര നിക്ഷേപമെത്താതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചു.ഇതേതുടര്‍ന്നാണ് ഒരാഴ്ചക്കിടെ ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധനവരുത്താന്‍ തയ്യാറായത്. വിപണിയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം നിക്ഷേപകര്‍ക്ക് നേട്ടമാകുകയുംചെയ്തു. ആവശ്യത്തിന് പണം ലഭ്യമാകുന്നതുവരെ പലിശ ഉയരാനാണ് സാധ്യത.ഒക്ടോബര്‍ 21വരെയുള്ള കണക്കുപ്രകാരം 128.9 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ വായ്പ നല്‍കിയത്. വായ്പാ വളര്‍ച്ച 17.9ശതമാനമാണെന്ന് ആര്‍ബിഐ പുറത്തുവിട്ട ദ്വൈവാര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പതുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണിത്. അതേസമയം, നിക്ഷേപ വളര്‍ച്ചയില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്തു. വാര്‍ഷിക വളര്‍ച്ച 9.5ശതമാനത്തിലൊതുങ്ങി.